സ്കൂൾ വിദ്യാർഥികൾക്കിടയിൽ കൂട്ടത്തല്ലുകൾ വ്യാപകമാകുന്നതായി പരാതി. സ്‌കൂൾ കായികോത്സവങ്ങളുടെ ഭാഗമായും മറ്റുമാണ് കൂട്ടയടികൾ നടക്കുന്നത്. ചേരിതിരിഞ്ഞുള്ള തല്ലിൽ പലപ്പോഴും അധ്യാപകരും ഇരകളാക്കപ്പെട്ടുന്നു. കഴിഞ്ഞ ദിവസം എടവണ്ണ ബസ്റ്റാൻഡ് പരിസരത്ത് നടന്ന വിദ്യാർഥികളുടെ അടിപിടിയെത്തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് കൂട്ടയടി നടന്നത്. വിവരമറിഞ്ഞ് സബ് ഇൻസ്പെക്ടർ അബ്ദുൽ അസീസ് കാരിയാട്ടിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വിദ്യാർഥിയെ മറ്റൊരു സംഘം മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം വിദ്യാർത്ഥികൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പൊതുസ്ഥലത്ത് ലഹളയുണ്ടാക്കിയതിനാണ് കേസ്. സ്കൂൾ കലാമേളയ്ക്കിടെയുണ്ടായ അടിപിടിയുടെ ബാക്കിയാണ് ഇതെന്നാണ് വിവരം. വേങ്ങര ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ പൊരിഞ്ഞ തല്ലിൽ ക്ലിനികിന്റെ ചില്ല് തകർത്തിരുന്നു. ഒരു വിദ്യാർത്ഥിയുടെ തലപ്പൊട്ടി രക്തം വാർന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ‘തല്ലുമാല നടന്നത്.
ടൗൺ ഗവ. മോഡൽ ഹൈസ്കൂളിലെ ഒരുപറ്റം വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഗവ. ബോയ്സ് ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സ്കൂളിലെത്തി അടിച്ചതിന്റെ പ്രതികാരമാണത്രെ ഇന്നലെ നടന്നത്. വേങ്ങര സിഐ പി.കെ ഹനീഫയുടെ നേതൃതത്തിൽ പൊലീസെത്തി വിദ്യാർത്ഥികളെ ഓടിക്കുകയായിരുന്നു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ 10 വിദ്യാർത്ഥികളെ സ്കൂൾ പഠനത്തിൽ നിന്ന് രണ്ടാഴ്ചത്തേ മാറ്റി നിർത്തി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് 10 പേരും.
രണ്ടു ദിവസം മുൻപ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളിൽ ഏതാനും പേർ ചേർന്ന് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ മർദ്ദിച്ചിരുന്നു. സംഭവത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ നിന്ന് മർദ്ദനവുമായി ബന്ധപ്പെട്ട വിവരം അറിയിച്ചതിനെ തുടർന്നാണ് കൂടുതൽ അന്വേഷണമുണ്ടായത്. തുടർന്നാണ് സംഭവത്തിന് കാരണക്കാരായ 10 പേരെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് സ്കൂൾ അധികൃതരുടെ നടപടി.