Spread the love

തൃശൂർ∙ കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പി ഉയർത്തിയ പാട്ട് വിവാദത്തിൽ പ്രതികരണവുമായി ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. ശ്രീകുമാരൻ തമ്പിക്കുണ്ടായ മാനസിക വിഷമത്തിൽ ഒപ്പം നിൽക്കുന്നുവെന്ന് ഹരിനാരായണൻ പറഞ്ഞു. മലയാളത്തിന് ഉന്നതമായ പാട്ടുകൾ സമ്മാനിച്ച ആളാണ് ശ്രീകുമാരൻ തമ്പി. വിവാദത്തിലേക്കു തന്നെ വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്നും ഹരിനാരായണൻ പ്രതികരിച്ചു.

‘‘തമ്പി സാറിന്റെ പാട്ടുകൾ ഒരിക്കലും ക്ലീഷേ അല്ല. അദ്ദേഹത്തിന്റെ ഏതു വരിയേക്കാളും എത്രയോ താഴെയാണ് എന്റെ വരികൾ. കേരളഗാനവുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പിയുടെ പങ്ക് ഇന്നലെയാണ് അറിഞ്ഞത്. മലയാളി ഇന്നു പാടി നടക്കുന്ന പ്രണയഗാനങ്ങളെല്ലാം നൽകിയത് ശ്രീകുമാരൻ തമ്പിയാണ്. തമ്പി സാറിന്റെ പാട്ടിനു വേറെ താരതമ്യങ്ങളില്ല. അദ്ദേഹത്തിന് ഇങ്ങനെ ഒരു മനോവിഷമം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ പാട്ടെഴുതാൻ തയാറാകുമായിരുന്നില്ല.’’–ഹരിനാരായണൻ അറിയിച്ചു.

സർക്കാരിനായി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ട് സാഹിത്യ അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ വിമർശനം. എന്നാൽ ശ്രീകുമാരൻ തമ്പിയുടെ ഗാനം കവികളും പ്രഗൽഭരും അടങ്ങിയ കമ്മിറ്റിക്ക് അംഗീകരിക്കാൻ തോന്നിയില്ലെന്ന് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദൻ പറഞ്ഞിരുന്നു. പാട്ടിൽ ക്ലീഷേ പ്രയോഗങ്ങളായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു. കമ്മിറ്റി ഹരിനാരായണന്റെ പാട്ട് തിരഞ്ഞെടുത്തതായും സച്ചിദാനന്ദൻ പറഞ്ഞു.

Leave a Reply