Spread the love

എമ്പുരാന്‍ സിനിമ ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്ക് എതിരെന്ന പ്രചരണത്തില്‍ പ്രതികരണവുമായി നടന്‍ തമ്പി ആന്‍റണി. “കഴുത്തിൽ കുരിശിട്ട്, ഒരു കത്തോലിക്കാ പുരോഹിതനോട് (സംവിധായകന്‍ ഫാസില്‍) അങ്ങേയറ്റം ആദരവോടെ കുമ്പസാരിക്കുന്ന നായകനെയാണ് ഞാൻ എമ്പുരാനിൽ കണ്ടത്. അതെങ്ങനെ ക്രിസ്തിയാനികൾക്കപമാനമാകും. മറിച്ച് ഒരഭിമാനമുഹൂർത്തമായിട്ടാണ് എനിക്കു തോന്നിയത്. മാത്രമല്ല കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണെന്ന് ആദ്യമേ പറയുന്നുണ്ടല്ലോ”, തമ്പി ആന്‍റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എമ്പുരാന്‍ സിനിമ ക്രൈസ്തവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജ്യസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. ജോണ്‍ ബ്രിട്ടാസിന് മറുപടി നല്‍കവെ ആയിരുന്നു ജോര്‍ജ് കുര്യന്‍റെ പരാമര്‍ശം. രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും ഈ സിനിമയെ എതിര്‍ക്കുന്നുവെന്നും കെസിബിസി, സിസിഐ പോലെയുള്ള ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും ചിത്രം ക്രിസ്ത്യന്‍ വിരുദ്ധമെന്ന് വിമര്‍ശിക്കുന്ന ലേഖനവുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ചില പേജുകളിലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് എമ്പുരാന്‍. മഞ്ഞുമ്മല്‍ ബോയ്‍സിനെ മറികടന്നാണ് ഈ നേട്ടം. ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് എമ്പുരാന്‍. നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളാണ് ചിത്രം സ്വന്തം പേരിലാക്കിയത്.

Leave a Reply