എമ്പുരാൻ സിനിമ കണ്ടിട്ടില്ലെന്നും സിനിമ കാണുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സിനിമ സിനിമയാണ് എന്നാണ് എംടി രമേശ് പറഞ്ഞത്. അത് സംസ്ഥാന അധ്യക്ഷൻ എൻഡോസ് ചെയ്തതുമാണ്. താനും സിനിമ കാണും. രമേശ് പറഞ്ഞതാണ് പാർട്ടി നയമെന്നും ജോർജ് കുര്യൻ പറഞ്ഞു.
മോഹൻ ലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തി. ഇപ്പോൾ ഉയർച്ചയിലേക്ക് വന്നു. മാധ്യമ പ്രവർത്തകർ പടം കാണു എന്നിട്ട് ചോദിക്കു. ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ കുതിച്ചുയരും. എമ്പുരാൻ ആദ്യം നെഗറ്റീവ് അതിനാൽ ഉയരങ്ങളിലേക്കുള്ള ബിജെപി പാതയാണ് എമ്പുരാൻ എന്നും ജോർജ് കുര്യൻ പറഞ്ഞു.
എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ് പ്രതികരിച്ചിരുന്നു. ലെഫ് കേണൽ പദവി ഒഴിവാക്കാൻ കോടതിയിൽ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാൻ സിനിമക്കെതിരെ വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് രഘുനാഥിൻ്റെ വിമർശനം.
കേന്ദ്രസർക്കാരിൻറെ ഭാഗമായി നിൽക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാൽ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമർശിച്ചു.
അതേസമയം, വിമർശനങ്ങൾക്കിടെ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ സെൻസർ വിവരങ്ങൾ പുറത്ത് വന്നു. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്. ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട ഇടപെടൽ നടത്തിയില്ലെന്നു സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിവൃത്തത്തിൽ പൂർണമായ മാറ്റം നിർദേശിക്കാൻ ആകില്ലെന്നാണ് മറു വാദം ഉയർന്നത്.