തമിഴ് നടൻ ശിവകാര്‍ത്തികേയൻ നായകനായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് അമരൻ. തമിഴ് സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. ചിത്രത്തിനായി മലയാളം പറയുന്ന തമിഴ് പെൺകുട്ടിയാകാൻ 30 ദിവസം എടുത്തെന്നാണ് സായ് പല്ലവി പറയുന്നത്. അമരൻ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കേരളത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സായ് പല്ലവി.
‘സുഖമാണോ? എനിക്ക് മലയാളത്തില്‍ സംസാരിക്കാന്‍ വളരെയേറെ പേടിയാണ്. എപ്പോഴും പെര്‍ഫക്ടായിട്ട് സംസാരിക്കണം. ഇല്ലെങ്കില്‍ എന്തെങ്കിലും രീതിയില്‍ ഹര്‍ട്ട് ആകുമോയെന്നുള്ള ഭയമാണ് എപ്പോഴും. ഈ സിനിമയില്‍ മലയാളി പെണ്‍കുട്ടി തമിഴ് സംസാരിക്കുന്നുണ്ട്. ആ പ്രോസസിന് ഒരു 30 ദിവസമെടുത്തു.
പെര്‍ഫക്ടായി ചെയ്യണമെന്നുള്ളത് കൊണ്ടായിരുന്നു അത്. എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ഇത്രയും ആളുകള്‍ ഞങ്ങളെ കാണാന്‍ വന്നത് എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല,’ സായ് പല്ലവി പറഞ്ഞു.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് ‘അമരൻ’. ശിവകാർത്തികേയനാണ് ചിത്രത്തിൽ നായകനാകുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.