Spread the love

മസ്കുലര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് ലിനനില്‍ ഡിസൈൻ ചെയ്ത വസ്ത്രം മമ്മൂട്ടിക്ക് സമ്മാനിക്കുകയും അത് താരം ധരിക്കുകയും ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതേ ഷര്‍ട്ടില്‍ തനിക്കൊപ്പം പോസ് ചെയ്ത മമ്മൂട്ടിയുമൊത്തുളള ചിത്രം പങ്കുവെയ്ക്കുകയാണ് നിര്‍മ്മാതാവ് അരുണ്‍ നാരായണ്‍.

ഒരു പ്രോജക്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയ അരുണ്‍ നാരായണ്‍ താരത്തോടൊപ്പം ഫോട്ടോ എടുത്തിരുന്നു. ഗൗതം മേനോൻ ചിത്രത്തിന്റെ സെറ്റിലായതിനാല്‍ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നുവെന്നും എന്നാല്‍ ഫോട്ടൊ എടുക്കണെമെന്ന് പറഞ്ഞപ്പോള്‍ ഷര്‍ട്ട് മാറിയെന്നും അരുണ്‍ നാരായണ്‍ പറഞ്ഞു. തുടര്‍ന്നുള്ള സംഭവങ്ങളെ കുറിച്ച് അരുണ്‍ ഫേസ്ബുക്കില്‍ വിശദമായി കുറിച്ചു.

കഴിഞ്ഞ ദിവസം ഒരു പ്രോജക്ടിന്റെ കാര്യങ്ങൾ സംസാരിക്കാനായി മമ്മുക്കയെ കാണാനുള്ള സാഹചര്യമുണ്ടായി. അപ്പോൾ അവിടെ ഉണ്ടായ ഒരു സംഭവം എല്ലാവരുമായും പങ്ക് വെക്കണമെന്ന് എനിക്ക് തോന്നി. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു മമ്മുക്ക.
പ്രോജെക്ടിനെ കുറിച്ച് സംസാരിച്ചതിനൊപ്പം അദ്ദേഹം തലവനെ കുറിച്ച് ചോദിക്കുകയും, തലവൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്ന് പറയുകയും ചെയ്തു. ഞാൻ അവിടെ ചെല്ലുമ്പോൾ അദ്ദേഹം ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നു. അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപായിട്ടാണ് എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുത്താൽ കൊള്ളാമെന്നുണ്ട് എന്ന ആഗ്രഹം ഞാൻ പങ്കുവെച്ചത്. അപ്പോൾ തന്നെ അദ്ദേഹം അതിന് തയ്യാറായി എഴുന്നേറ്റു. എന്നിട്ട് കഥാപാത്രത്തിന്റെ ഷർട്ട് മാറ്റാനായി ജോർജേട്ടനെ വിളിച്ചു. ജോർജേട്ടനോട് അദ്ദേഹം പറഞ്ഞത് ആ വൈറ്റ് ഷർട്ട് ഇങ്ങെടുക്കാനാണ്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് ശരിക്ക് മനസ്സിലായില്ല.

അങ്ങനെ ഷർട്ട് മാറി ആ വൈറ്റ് ഷർട്ട് ഇട്ട് ഫോട്ടോ എടുക്കുന്നതിന് മുൻപായി എന്നോട് പറഞ്ഞത്, ആ ഷർട്ട് മമ്മുക്കക്ക് കൊടുത്ത ആളിനെ കുറിച്ചാണ്. ഒരു പ്രത്യേക രോഗാവസ്ഥ കൊണ്ട് ശരീരം തളർന്നിരിക്കുന്ന ജസ്ഫർ കോട്ടക്കുന്ന് എന്ന വ്യക്തി ചുണ്ടുകൾക്കിടയിൽ ബ്രഷ് വെച്ച് പെയിന്റ് ചെയ്ത് ഡിസൈൻ ചെയ്ത ഷർട്ട് ആണ് അതെന്നും, തനിക്ക് ആ സമ്മാനം വളരെ വിലപിടിച്ചതാണെന്നുമാണ് ഇക്ക പറഞ്ഞത്. ആ ഷർട്ട് ഇട്ട് താൻ ഫോട്ടോക്ക് പോസ് ചെയ്യാമെന്നും ആ ഷർട്ട് കുറച്ചു പോപ്പുലർ ആവട്ടേയെന്നും കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിട്ടാണ് ഈ ഫോട്ടോ എടുത്തത്.

അത് കേട്ടപ്പോൾ അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും വീണ്ടും വീണ്ടും വർധിക്കുന്നതായാണ് എനിക്ക് തോന്നിയത്. 40 വർഷത്തിലധികമായി ഒരു മെഗാസ്റ്റാർ ആയി അദ്ദേഹം നിൽക്കുന്നത്, അല്ലെങ്കിൽ ഇതിഹാസങ്ങളുടെ നിരയിലെത്തി നിൽക്കുന്നത്, ഒരു ഗംഭീര നടൻ ആയത് കൊണ്ട് മാത്രമല്ല, ഇത്തരമൊരു മനോഭാവവും മനുഷ്യത്വവും കൂടി ഉള്ളത് കൊണ്ടാണ്. എന്നെ പോലൊരാൾ ഒരു ഫോട്ടോ ചോദിക്കുമ്പോൾ, ഇട്ട വസ്ത്രം മാറുകയും ഈ ഷർട്ട് ഓർമ്മിച്ചെടുത്ത് ധരിക്കുകയും അതിനൊപ്പം ആ ഷർട്ട് സമ്മാനിച്ച ആളെ ഓർക്കുകയും അത് എന്നോട് പറയാനും കാണിക്കുന്ന ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.

Leave a Reply