തന്റെ സിനിമ ജീവിതത്തെക്കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയും പൃഥ്വിരാജും പ്രവചിച്ച കാര്യങ്ങൾ സത്യമായെന്ന് നടൻ ജഗദീഷ്. മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആവാത്ത കലാകാരനായി മാറിയ ജഗദീഷ് പക്ഷേ സമീപ കാലത്ത് ചെയ്ത കഥാപാത്രങ്ങൾ അത്രയും മുൻകാല വേഷങ്ങളിൽ നിന്നും വ്യത്യാസപ്പെട്ടവയായിരുന്നു.
മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നായ റോഷാക്കിലെയും പൃഥ്വിരാജിനൊപ്പം കാപ്പയിൽ അവതരിപ്പിച്ച കഥാപാത്രവും ബേസിൽ ജോസഫ് നായകനായ ഫാലിമിയിലെ അച്ഛൻ കഥാപാത്രവും ഏറ്റവും ഒടുവിൽ തീയേറ്ററുകളിൽ തരംഗമായി മാറുന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലെ ശ്രദ്ധേയ വേഷവുമെല്ലാം ജഗദീഷിലെ ഇതുവരെ മലയാളം കാണാത്ത പ്രതിഭയെയാണ് ഉളവാക്കുന്നത്.
ഇപ്പോഴിതാ മലയാളസിനിമയിൽ തനിക്ക് ഒരു ഇന്നിംഗ്സ് കൂടിയുണ്ടെന്ന് റോഷാക്കിന്റെ പ്രമോഷന്റെ സമയത്ത് മമ്മൂക്ക പറഞ്ഞിരുന്നു എന്നും കാപ്പയിൽ അഭിനയിക്കുമ്പോൾ പൃഥ്വിയും ഇതേ കാര്യം പറഞ്ഞിരുന്നു എന്നുമാണ് ജഗദീഷ് വ്യക്തമാക്കിയിരിക്കുന്നത്. റോഷാക്കിന് ശേഷം താൻ പൃഥ്വിരാജ് ചിത്രം കാപ്പയുടെ സെറ്റിലേക്കാണ് പോയതെന്നും ആ സമയത്ത് മോൾക്ക് വീട് വാങ്ങുന്നതിന്റെ കാര്യം ബാങ്ക് മാനേജറുമായി സംസാരിക്കുന്ന സമയത്ത് പൃഥ്വിരാജ് ഒരു കാര്യം പറഞ്ഞു. ‘ചേട്ടൻ സിനിമയ്ക്ക് വേണ്ടി മുടിവെട്ടി നരയിടാൻ തുടങ്ങിയില്ലേ, ഇനി ലോൺ തിരിച്ചടയ്ക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്’. എന്തായാലും രണ്ടുപേരും പറഞ്ഞത് തന്റെ കരിയറിൽ സത്യമായെന്നും ജഗദീഷ് പറഞ്ഞു.