മലയാളത്തിനും മറ്റ് തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികൾക്കും ഒരുപോലെ അഭിമാനമായ താരമാണ് നടി ഉർവശി. കാലവും തലമുറയും നായികമാരും സിനിമ ട്രെൻഡുമെല്ലാം മാറിയപ്പോഴും അന്നും ഇന്നും മികച്ച നടിമാരിൽ തരം മാറാതെ നിൽപ്പുണ്ട് ഉർവശി. പുതുതലമുറയിലെ നടിമാരോട് പോലും മത്സരിച്ചഭിനയിച്ച് സമീപകാലത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് പോലും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ മൂത്ത സഹോദരിയും നടിയുമായ കൽപനയോട് തനിക്ക് മാപ്പ് പറയാൻ പറ്റാതെ പോയ കാര്യത്തെ കുറിച്ച് അവതാരക രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
ഉർവശിയുടെ വാക്കുകൾ
‘ചിലതൊക്കെ നമ്മുടെ മൂത്തവരും നമ്മുടെ ഒപ്പം നിൽക്കുന്നവരും പറയുന്നത് ചെവികൊടുത്ത് കേൾക്കുന്നതിൽ തെറ്റില്ല എന്ന് തോന്നിപ്പോയിട്ടുണ്ട്. നമ്മൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന് കരുതുന്ന ഒരു പ്രായമുണ്ടാകും. അത് ശരിയല്ല എന്നും ചുറ്റിനുമുള്ളവർ എന്തുകൊണ്ട് പറയുന്നു എന്ന് ചിന്തിക്കാൻ ഒരു സമയമെടുക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ നമ്മൾ തന്നെ സ്വയം അനുഭവിക്കേണ്ടി വരും. പിന്നെ നമ്മുടെ ദുരഭിമാനം. നാണം മറയ്ക്കാൻ ഒരു തുണിയുള്ളതുകൊണ്ട് നമുക്ക് അത് ഉണ്ടാകുന്നു. അതില്ലാത്ത ഒരു അവസ്ഥ എത്തുമ്പോൾ ദുരഭിമാനം ഒക്കെ വെച്ചുകെട്ടേണ്ടിവരും. ഞാൻ കടുത്ത ദുരഭിമാനിയായിരുന്നു. വിശപ്പകറ്റാൻ നിർവ്വാഹമില്ലെന്ന് കണ്ടാൽ പിന്നെ അഭിമാനം കൊണ്ട് എന്ത് കാര്യം. കുറേ ഒക്കെ നമ്മൾ തലകുനിച്ച് ചില ആളുകൾ പറയുന്നത് ശരിയാണ് എന്ന് വരുത്തണം. എനിക്ക് കൽപന ചേച്ചിയോട് പറയാൻ പറ്റാതെ പോയ ഒരു മാപ്പ് അത് മാത്രമാണുള്ളത്’









