ചികിത്സയ്ക്ക് പണമില്ലാതെ സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയ തമിഴ് നടൻ തവസിക്ക് സഹായവുമായി നടൻ വിജയ് സേതുപതി. കാന്‍സര്‍ ബാധിതനായ തവസിയുടെ ചിക്തിസയ്ക്കായി വിജയ് സേതുപതി ഒരു ലക്ഷം രൂപ സംഭാവന നൽകി.
കടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ചികിത്സ തുടരാനാകാത്ത അവസ്ഥയിലാണ് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തവാസി രംഗത്തെത്തിയത്.
“ഞാൻ കിഴക്കു ചീമയിലെ (1993) മുതൽ രജനീകാന്തിന്റെ ഏറ്റവും പുതിയ അണ്ണാത്തെ വരെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇത്തരമൊരു രോഗം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” സിനിമയിലെ സുഹൃത്തുക്കളുടെയും സഹപ്രവത്തകരുടേയും സഹായം തേടുന്നതിനിടെ വീഡിയോയിൽ തവസി പറഞ്ഞു.
അഭ്യര്‍ത്ഥിക്കുന്ന തവാസിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. തവാസിയുടെ പ്രശ്നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ നിരവധിയാളുകള്‍ അഭ്യർത്ഥിച്ചിരുന്നു.
നടൻ ശിവകാർത്തികേയൻ തവസിയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.