മലയാളത്തിൻ്റെ മഹാകവി ജി ശങ്കര കുറുപ്പ് നൂറ്റീഇരുപതാം ജന്മദിനം.1901 ജൂൺ 3-ന്, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി വാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്താണ് അദ്ദേഹത്തിൻ്റെ ജനനം. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചത്. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ ആണ് അദ്ധ്യാപകജോലിയിൽ നിന്നും അദ്ദേഹം വിരമിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു.
1923-ലാണ് ജി. ശങ്കരക്കുറുപ്പിന്റെ ആദ്യ കാവ്യ സമാഹാരമായ ‘സാഹിത്യ കൗതുകം’ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതില്‍ 1917 മുതല്‍ 1922 വരെയുള്ള കവിതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ രണ്ടാം ഭാഗം 1925-ലും മൂന്നാംഭാഗം 1927-ലും നാലാം ഭാഗം 1930-ലും പുറത്തിറങ്ങി. കൈനിക്കര കുമാരപിള്ളയുടെ അവതാരികയോടെ 1946-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘സൂര്യകാന്തി’ ശ്രദ്ധേയമായ ഒരു കൃതിയാണ്. പൂജാപുഷ്‌പം, നിമിഷം, നവാതിഥി, ഇതളുകള്‍, പഥികന്റെ പാട്ട്, മുത്തുകള്‍, അന്തര്‍ദ്ദാഹം, ചെങ്കതിരുകള്‍, ഓടക്കുഴല്‍, വിശ്വദര്‍ശനം, മധുരം സൗമ്യം ദീപ്‌തം, സന്ധ്യാരാഗം തുടങ്ങിയവ ജിയുടെ പ്രധാന കൃതികളാണ്. ഇതില്‍ ‘ഓടക്കുഴല്‍’ 1965-ല്‍ ജ്ഞാനപീഠ പുരസ്‌കാരത്തിനര്‍ഹമായി.
ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഓടക്കുഴല്‍ ‘ബാംസുരി’ എന്ന പേരില്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി ജിയുടെ പ്രധാനപ്പെട്ട ചില കവിതകള്‍ ‘തെരഞ്ഞെടുക്കപ്പെട്ട കാവ്യങ്ങള്‍’ (Selected Poems) എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രകാശനം ചെയ്‌തിട്ടുണ്ട്. ജിയുടെ നിരവധി കവിതകള്‍ റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജി. രചിച്ച ‘മേഘച്ഛായ’ കാളിദാസന്റെ മേഘസന്ദേശത്തിന്റെ വിവര്‍ത്തനമാണ്. ‘വിലാസലഹരി’ പേര്‍ഷ്യന്‍ കാവ്യമായ റുബായിയത്തിന്റെ വിവര്‍ത്തനവും. ടാഗോറിന്റെ ‘ഗീതാഞ്‌ജലി’ ബംഗാളിയില്‍ നിന്ന് കവി നേരിട്ടു വിവര്‍ത്തനം ചെയ്‌തതാണ്.
ഗദ്യോപഹാരം, ലേഖനമാല, രാക്കുയിലുകള്‍ എന്നിവ ജി.യുടെ ലേഖന സമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ബാലസാഹിത്യ മേഖലയിലും കവിഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സാഹിത്യ പരിഷത്തിന്റെ ത്രൈമാസികത്തിന്റെ പത്രാധിപത്യച്ചുമതലയും കുറേക്കാലം ജി. വഹിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് തിലകം എന്ന പേരില്‍ ഒരു ആനുകാലികം ജി. തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1977 ജൂണ്‍ 22-ലെ മനോരാജ്യം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ ‘അന്തിവെണ്‍മുകിലാ’ണ് ജി. എഴുതിയ അവസാനത്തെ കവിത. മലയാള ഭാഷയെയും സാഹിത്യത്തെയും അതിധന്യമാക്കിത്തീര്‍ത്ത ആ മഹല്‍ ജീവിതം 1978 ഫെബ്രുവരി 2ന് അവസാനിച്ചു.