Spread the love

തിരുവനന്തപുരം: യുട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും. പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഭാഗ്യലക്ഷ്മിയ്‌ക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്‌ക്കൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.

സംഭവത്തിൽ മൂന്ന് പേർക്കുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജിൽ അതിക്രമിച്ച് കടന്ന് മർദ്ദിച്ച ശേഷം മഷി ഒഴിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. മൂവർക്കുമെതിരെ വധശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ട്. ലാപ്ടോപും മൊബൈലും മോഷ്ടിച്ചെന്ന് പരാതിയുണ്ടെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല. 2020 സെപ്റ്റംബർ 26നാണ് വിവാദമായ സംഭവമുണ്ടായത്.

യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായർ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മർദ്ദിച്ചത്. സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവർ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. വിജയ് പി നായരുടെ പരാതിയിൽ തമ്പാനൂർ പോലീസാണ് മൂന്ന് പേരെയും പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Leave a Reply