ചേർത്തലയിലെ വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കല്ലറ തുറന്ന് പുറത്തെടുത്ത സജിയുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൊലപാതക കുറ്റം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തുന്ന പൊലീസിന്റെ തുടർ നടപടികൾ. വീട്ടിലെ സ്റ്റെയർകേസിൽ നിന്ന് വീണു പരിക്ക് പറ്റി എന്നാണ് ഡോക്ടർ മാരോട് പറഞ്ഞത്. യാഥാർഥ്യം ഡോക്ടർമാരോട് പോലും പറയാത്തത് ചികിത്സയെ ബാധിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി മുഴുവൻ സമയവും ഭർത്താവ് സോണി ഉണ്ടായിരുന്നു. അച്ഛൻ അമ്മയെ ക്രൂരമായി മർദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന മകളുടെ പരാതിയിൽ ആണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ജനുവരി എട്ടിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജി ഞായറാഴ്ചയാണ് മരിച്ചത്. സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് മകൾ അച്ഛനെതിരെ പരാതി നൽകിയത്. സോണിയുടെ സ്ത്രീ സൗഹൃദങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു സജിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.