1976-ല്‍ ലോകത്തെ നടുക്കിയ സംഭവത്തിലെ മുഖ്യപ്രതി ഫ്രെഡറിക് വുഡ്‌സ് ജയിലിന് പുറത്തേക്ക്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തട്ടിക്കൊണ്ടുപോവല്‍ കേസിലെ മുഖ്യപ്രതി ഫ്രെഡറിക് വുഡ്‌സിനാണ് കോടതി പരോള്‍ അനുവദിച്ചത്. 26 കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി യാത്രക്കാരെ മുഴുവന്‍ ജീവനോടെ കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതി ആണ് 40 വര്‍ഷങ്ങള്‍ക്കു ശേഷം പരോളിൽ ഇറങ്ങുന്നത്. സംഭവത്തില്‍ ഇരകളായ രണ്ടുപേരുടെ സമ്മതം കിട്ടിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇയാള്‍ക്ക് പരോള്‍ കിട്ടിയത്.
സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും 125 മൈല്‍ അകലെ ചൗചില്ലയിലെ ഡ്രൈവറും 26 കുട്ടികളുഉം അടങ്ങുന്ന ഒരു സ്‌കൂള്‍ ബസാണ് 1976 ജുലൈ 15-ന് ഇയാളും രണ്ട് കൂട്ടാളികളും കൂടി തട്ടിയെടുത്തത്. വുഡ്‌സിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള, കാലിഫോര്‍ണിയക്കടുത്ത് ലിവര്‍മോറിലുള്ള ഒരു ക്വാറിയിലേക്ക് കൊണ്ട് പോയി, അവിടെ കുഴികുഴിച്ച് മണ്ണിനടിയില്‍ സ്ഥാപിച്ചിരുന്ന പഴഞ്ചന്‍ വാനില്‍ ഇവരെ അടച്ച് മണ്ണിട്ട് മൂടുകയായിരുന്നു. 16 മണിക്കൂറുകള്‍ മണ്ണിനടിയില്‍ കഴിഞ്ഞ ഇവർ ഡ്രൈവറുടെ നേതൃത്വത്തില്‍ 26 കുട്ടികളും അതിസാഹസികമായി രക്ഷപ്പെട്ട് പുറത്തേക്ക് വന്നു. ഇതിനെ തുടര്‍ന് ക്വാറി ഉടമയുടെ മകനായ വുഡ്‌സ്, സുഹൃത്തുക്കളായ ജെയിംസ്, റിച്ചാര്‍ഡ് ഷോണ്‍ഫീല്‍ഡ് സഹോദരങ്ങള്‍ എന്നിവര്‍ അറസ്റ്റിലായി. 50 ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയി കുഴിച്ചിട്ടത്. ഈ സംഭവം പ്രമേയമായി നിരവധി ടെലിവിഷന്‍ സീരീസുകളും പുസ്തകവും പുറത്തിറങ്ങിയിട്ടുണ്ട്.24 വയസായിരുന്നു ഫ്രെഡറിക് വുഡ്സിനു അന്ന്. അന്നില്ലാത്ത കുറ്റബോധം ഇപ്പോഴുണ്ടെന്നും താന്‍ മാനസാന്തരപ്പെട്ടതായും ഇയാള്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് പരോള്‍ അനുവദിക്കാന്‍ കോടതി തയ്യാറായത്.