കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ കേസിൽ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ചോലക്കാപറമ്പിൽ അബ്ദുല്ലക്കുട്ടി (42)യെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ഒരുവർഷത്തിലേറെയായി നിലമ്പൂരിൽ വനത്തോട് ചേർന്നുള്ള വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കോഴിക്കോട് ചെറുവണ്ണൂരിലെ സി.സി കോംപ്ലക്‌സിൽ പ്രവർത്തിച്ച കോഡിഷ് ധിനി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിൻറെ ഉടമയാണിയാൾ. സ്ഥാപത്തിലേക്ക് വലിയതോതിൽ പണം നിക്ഷേപമായി സ്വീകരിക്കുകയും പിന്നീട് മുങ്ങുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പത്തുകോടിയോളം രൂപയാണ് പ്രതി വിവിധയാളുകളിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ചത്. കേസിൽ സ്ഥാപനത്തിൻറെ ഡയറക്ടറായിരന്ന സുധീർ ബാബു നേരത്തെ അറസ്റ്റിലായിരുന്നു.
കോഴിക്കോടിനുപുറമെ വയനാട്ടിലും തൃശൂരിലുമായി സ്ഥാപനത്തിന് എട്ട് ശാഖകളാണുണ്ടായിരുന്നത്. ഇവിടങ്ങളിലെ ജീവനക്കാരടക്കമുള്ളവരാണ് നിക്ഷേപകരിലേറെപേരും. വലിയ ലാഭവിഹിതം നൽകാമെന്നറിയിച്ചതേടെ അമ്പതിനായിരം മുതൽ അഞ്ചുലക്ഷം രൂപവരെയാണ് പലരും നിക്ഷേപിച്ചത്.
എന്നാൽ നിക്ഷേപ കാലാവധി അവസാനിച്ചിട്ടും തുകയോ ലാഭ വിഹിതമോ തിരിച്ചു കൊടുക്കാത്തതോടെ ഇടപാടുകാരെത്തി സ്ഥാപനത്തിൽ തർക്കംതുടങ്ങി. പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടിയതും ഒരുവർഷംമുമ്പ് ഉടമ മുങ്ങിയതും. ഇതോടെ ജീവനക്കാരടക്കം നല്ലളം പോലീസിൽ പരാതി നൽകി. വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താവാനാത്തതോടെ പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വൻ തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.