Spread the love

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു തമിഴ് അഭിമുഖത്തിൽ ചിത്രത്തിന്റെ ബജറ്റ് വിവരം പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ. ത്രീഡി, ടുഡി, പ്രൊമോഷൻ തുടങ്ങി ചിത്രത്തിന്റേതായ എല്ലാ ചിലവുകളും ചേർത്ത് 30 കോടിയാണ് ബജറ്റ് എന്നാണ് ടൊവിനോ പറയുന്നത്. ഒരു ബ്രഹ്മണ്ഡ ചിത്രമെന്ന നിലയിൽ വലിയ ബജറ്റ് തോന്നുമെങ്കിലും ജിതിന്റെ കൃത്യമായ പ്ലാനാണ് ചിത്രത്തിൻ്റെ ബജറ്റ് കുറച്ചതിന് പിന്നിലെന്നും ടൊവിനോ പറഞ്ഞു.

ബോളിവുഡിലെയും തെലുങ്കിലെയും മുൻനിര നിർമാണ കമ്പനികളാണ് ചിത്രത്തിന്റെ അന്യ ഭാഷ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘പുഷ്പ’, ‘ജനത ഗാരേജ്’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് എ ആർ എമ്മിൻ്റെ തെലുങ്ക് വിതരണാവകാശത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘ബാഹുബലി’, ‘കാന്താര’, ‘കെജിഎഫ്’, ‘കൽക്കി 2898 എ ഡി’, ‘പുഷ്പ’ എന്നീ സിനിമകൾ ബോളിവുഡ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച എഎ ഫിലിംസിനാണ് ‘അജയന്റെ രണ്ടാം മോഷണ’ത്തിൻ്റെ ഹിന്ദി വിതരണാവകാശം നേടിയത്. ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ് ചിത്രം ഓവർസീസിൽ എത്തിക്കുക.

1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. 118 ദിവസങ്ങളെടുത്ത് ഒറ്റ ഷെഡ്യൂളിലാണ് അജയന്റെ രണ്ടാംമോഷണം ചിത്രീകരണം പൂർത്തിയാക്കിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷത്തിൽ എത്തുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് ‘എആർഎം’. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമ്മാതാക്കൾ. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ഡോ. വിനീത് എം ബിയാണ്.

Leave a Reply