‘ ആർക്കും മദ്യ സേവ നടത്താത്ത ആളാണ് ഞാൻ, ഞാൻ കുടിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ആരെങ്കിലും മദ്യപിച്ച ബില്ല് ഞാൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ചതിന്റെ ആയിരിക്കും’. മലയാള സിനിമയിൽ ക്ലീൻ ജെന്റിൽ ഇമേജ് ഉള്ള മമ്മൂട്ടി നടൻ മുരളിയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായപ്പോൾ വൈകാരികമായി പറഞ്ഞ വാക്കുകൾ ആണ് ഇവ.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കോമ്പായാണ് മുരളി മമ്മൂട്ടി കോമ്പാ. അമരം പോലുള്ള ചിത്രങ്ങളിലെ ഇരുവർക്കും ഇടയിലെ ഇമോഷണൽ ലോക്ക് ഒരു സിനിമ എന്നതിലുപരി യഥാർത്ഥ ജീവിതാനുഭവം എന്ന തോന്നലിൽ പ്രേക്ഷകനെയും കൂടി കൊണ്ടെത്തിക്കുന്നതായിരുന്നു. എന്നാൽ ഇടക്കാലത്ത് ഇരുവർക്കും ഇടയിൽ ചെറിയൊരു അകലം വന്നത് അക്കാലത്ത് പലർക്കും അറിയാമായിരുന്നു. എന്നാൽ തന്റെ പ്രിയപ്പെട്ട സുഹൃത്ത് തന്നോട് ഇങ്ങനെ ഒരു അകലം കാണിച്ചതിന് പിന്നിലെ കാര്യം തനിക്ക് ഇന്നും അറിയില്ലെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി. മുൻപൊരിക്കൽ ഒരു ചാനലിലിന് നൽകിയ പ്രത്യേക അഭിമുഖ പരിപാടിയിൽ ഇക്കാര്യം ഓർക്കുന്നത് ഇപ്പോഴും വിഷമമാണെന്നും ഇന്നും ആ അകൽച്ചക്ക് പിന്നിലെ കാരണം അറിയില്ലെന്നും മമ്മൂക്ക പറയുന്നുണ്ട്.
‘ താനും മുരളിയും തമ്മിലുള്ള കഥാപാത്രങ്ങൾ ശ്രദ്ധിച്ചാൽ അറിയാം. ഇരുവർക്കും ഇടയിൽ ഒരു ഇമോഷണൽ ലോക്ക് ഉണ്ട്. ഏതു സിനിമയിൽ ആണെങ്കിലും ഒരു ഇമോഷണൽ ലോക്ക് ഉണ്ട്. ഇത്തരത്തിൽ വളരെ വികാരപരമായി അഭിനയിച്ചു പോയിരുന്ന ആളായിട്ടും ഒരു സുപ്രഭാതത്തിൽ മുരളിക്ക് താൻ ശത്രുവായെന്ന് മമ്മൂട്ടി പറയുന്നു. താൻ എന്തു ചെയ്തിട്ടാണെന്നു പോലും തനിക്ക് മനസ്സിലായില്ലെന്നും പിന്നെ ആ ബന്ധം അങ്ങ് അകന്നു പോയെന്നും മമ്മൂട്ടി പറയുന്നു. മുരളിയുടെ മരണം താനുമായി സ്നേഹത്തിലിരിക്കുമ്പോൾ ആയിരുന്നെങ്കിലും പിണക്കത്തിന് പിന്നിലെ കാരണം അറിയാത്ത ഒരു വ്യഥ തനിക്ക് എപ്പോഴും ഉണ്ടെന്നും നടൻ പറയുന്നു. മുരളിയുടെ പോക്ക് പെട്ടെന്നായി പോയെന്നും ഒത്തിരി പേർ നമ്മുടെ ഇടയിൽ നിന്നും മരിച്ചു പോയിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ഓർമിക്കുന്നത് പോലും വലിയ വിഷമം ആണെന്നും അന്ന് മമ്മൂക്ക ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.
അതേസമയം മമ്മൂക്കയും പിതാവ് മുരളിയും തമ്മിലുള്ള അകൽച്ചയിൽ പ്രതികരിച്ച് മകൾ കാർത്തിക ഇപ്പോൾ ഒരു ഓൺലൈൻ ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ്. മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ചൊന്നും അച്ഛൻ വീട്ടിൽ സംസാരിച്ചിട്ടില്ല. എന്നാൽ അച്ഛൻ ആലപ്പുഴയിൽ ഇലക്ഷനിൽ നിന്നപ്പോൾ പ്രചരണത്തിന് അദ്ദേഹം വന്നിരുന്നു എന്നും അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടിയപ്പോഴും നൽകിയ സ്വീകരണ പരിപാടിയിൽ മമ്മൂക്ക വീട്ടിലേക്ക് വന്നിരുന്നു എന്നും കാർത്തിക പറയുന്നു.