മോഹൻലാൽ ഉൾപ്പെടെ പ്രമുഖരുടെ അഭാവത്തിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് ഇപ്പോഴിതാ ആരോപണ വിധേയനായ നടൻ ബാബുരാജ് തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കേണ്ടതായിരുന്നുവെന്നും അമ്മ
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജഗദീഷ് പൊതുസമൂഹത്തിനു സ്വീകാര്യനാണെങ്കിലും സംഘടനയ്ക്കുള്ളിൽ അദ്ദേഹത്തെ കുറിച്ച് മറ്റൊരു അഭിപ്രായമാണെന്നും പറയുകയാണ് നടി മാലാ പാർവതി.
മുൻകാലങ്ങളിൽ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് തുടങ്ങി എല്ലാവരും ആരോപണം നേരിട്ടപ്പോൾ മാറി നിന്നിട്ടുണ്ട്. ബാബുരാജ് ആരോപണം നേരിട്ടപ്പോൾ മാറി നിൽക്കാത്തത് കൊണ്ടാണ് ‘അമ്മ’യിൽ നിന്ന് രാജി വയ്ക്കാൻ നടൻ മോഹൻലാൽ തീരുമാനിച്ചതെന്നാണ് താരം പറഞ്ഞത്. ആരോപണം നേരിട്ടവർ മത്സരിക്കുന്നത് ഉചിതമല്ല, അത് നിയമത്തിന്റെ അടിസ്ഥാനത്തിൽ അല്ല പറയുന്നത്, ഒരു മര്യാദയുടെ പേരിൽ മാറിനിൽക്കേണ്ടതാണ്. താരസംഘടന ‘അമ്മ’ സമൂഹത്തിനിടയിൽ ഇത്രയും ചർച്ച ആകുന്നത് അത് മാതൃകാപരമായിരിക്കണം എന്നുള്ളതുകൊണ്ടാണല്ലോ. ദിലീപിനെതിരെ ഉണ്ടായ വിഷയം തൊട്ട് ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഈ സംഘടനയ്ക്ക് മേൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ സമയത്ത് അതാതു കാലങ്ങളിൽ പ്രശ്നമുള്ളവരെ മാറ്റി നിർത്തിയിട്ടുണ്ട്.
അതേസമയം താൻ മനസ്സിലാക്കുന്നതെന്നും എന്നാൽ നിലവിൽ നാമനിർദേശം നൽകിയ പലരും ഭൂരിപക്ഷം ‘അമ്മ’ അംഗങ്ങൾക്കും സ്വീകാര്യരല്ലെന്നും നടി പറയുന്നു. ജഗദീഷ് പൊതുസമൂഹത്തിന് സ്വീകാര്യനാണെങ്കിലും സംഘടന ഒരു പ്രതിസന്ധി നേരിട്ടപ്പോൾ സഹായിക്കുന്നു എന്ന രീതിയിൽ പ്രവർത്തിച്ചിട്ട് വാക്ക് മാറിയ ആളാണ്. അത് എല്ലാവർക്കും അറിയുന്നത് കൊണ്ട് ജഗദീഷിനെതിരെ പലരും പ്രചാരണം നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സിദ്ദിഖ് സാറിന്റെ വിഷയം വന്നപ്പോൾ ഇവർ വാർത്താസമ്മേളനം നടത്താൻ തയ്യാറായിരിക്കുകയായിരുന്നു. എന്നാൽ, അന്ന് ജഗദീഷ് പറഞ്ഞു, ഇപ്പോൾ മാദ്ധ്യമങ്ങളെ കാണരുത് എന്ന്. ജഗദീഷിന്റെ കൂർമ്മ ബുദ്ധിയിൽ വിശ്വസിക്കുന്ന ഈ അംഗങ്ങൾ അപ്പോൾ മാദ്ധ്യമങ്ങളെ കാണേണ്ട എന്ന് തീരുമാനിച്ചു.രണ്ട് ദിവസം കഴിയുമ്പോൾ അദ്ദേഹം ആഞ്ഞൊരു അടി അടിച്ചു. ഇവർക്ക് വായില്ലേ, സംസാരിച്ചുകൂടെ എന്ന് പറഞ്ഞു. അങ്ങനെയാണ് അത് മുഴുവൻ പ്രതിസന്ധിയിലോട്ട് പോയത്. ഇക്കാര്യങ്ങൾ അറിയുന്ന വലിയ വിഭാഗം അമ്മയിലെ അംഗങ്ങൾ ജഗദീഷിനെതിരെ പ്രചാരണം നടത്തുന്നതായിട്ടാണ് ഞാൻ മനസിലാക്കുന്നത്’ മാലാ പാർവതി പറയുന്നു.








