തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ആന്ധ്ര ദമ്പതികൾ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കുഞ്ഞിനെ ഇന്ന് കേരളത്തിൽ എത്തിക്കും. കഴിഞ്ഞ മൂന്നു മാസത്തിൽ അധികമായി ആന്ധ്ര ദമ്പതികൾക്ക് ഒപ്പമാണ് കുഞ്ഞുള്ളത്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കുഞ്ഞുമായി വീട്ടിൽ നിന്നും മടങ്ങിയിരിക്കുകയാണ്.
കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥർ ആന്ധ്രാപ്രദേശിലേക്ക് പുറപ്പെട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുലർച്ചെയുള്ള വിമാനത്തിലാണ് ഉദ്യോഗസ്ഥർ പുറപ്പെട്ടത്. സംഘത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് സംരക്ഷണ ചുമതല. ആന്ധ്രയിലെ ദമ്പതികളിൽ നിന്നും കുഞ്ഞിനെ ഇന്നലെ തന്നെ ഏറ്റെടുത്തു.
സ്വകാര്യത സൂക്ഷിക്കേണ്ടതിനാൽ കുഞ്ഞിന്റെ വിവരങ്ങളൊന്നും തന്നെ പുറത്തുവിടില്ല. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സിഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറിയത്. കേരളത്തിലെത്തിച്ച് കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തും.വനിതാ ശിശുക്ഷേമ ഡയറക്ടറും ഡി.എൻ.എ ടെസ്റ്റു കഴിയുന്നതുവരെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതിയിൽ സമയം ചോദിച്ചേക്കും.
അതേസമയം അമ്മയറിയാതെ കുഞ്ഞിനെ രക്ഷിതാക്കൾ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി കോടതിക്ക് മുന്നിൽ ഹാജരാക്കിയില്ലെന്നും അതിൽ കൂടുതൽ വ്യക്തത വേണമെന്നും കോടതി പറഞ്ഞു. എന്നാൽ ലൈസൻസ് നീട്ടാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ശിശുക്ഷേമ സമിതി വ്യക്തമാക്കി. അന്വേഷണം അതിന്റെ അവസാനഘട്ടത്തിലൂടെ പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കേസിൽ വിശദമായ വാദം കേൾക്കാൻ കോടതി കേസ് മാറ്റി.