മൂവാറ്റുപുഴ∙ പെരിയാർ വാലി കനാലിന്റെ കുന്നയ്ക്കാലുള്ള അക്വഡക്ട് നിറഞ്ഞു പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ഇടവഴികൾ ഉൾപ്പെടെ വെള്ളക്കെട്ടിലാണ്. പല ഭാഗങ്ങളിലും ചോർച്ചയും ബലക്ഷയവും ഉള്ളതു മൂലം അക്വാഡക്ട് തകരുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ഇതു വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് അറിയിച്ചിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.
ശനിയാഴ്ച രാത്രി മുതലാണ്, വാളകം കുന്നയ്ക്കാലിലൂടെ കടന്നു പോകുന്ന അക്വഡക്ട് നിറഞ്ഞു കവിഞ്ഞു വെള്ളം പുറത്തേക്കൊഴുകുന്നത്. അക്വഡക്ടിന്റെ ചില ഭാഗങ്ങളിൽ ചോർച്ചയും ഉണ്ട്. പ്രദേശത്തുള്ള ഒട്ടേറെ വീടുകൾ വെള്ളക്കെട്ടിലാണ്. വീടുകളിൽ നിന്നു പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നു നാട്ടുകാർ അറിയിച്ചു. ശുചിമുറികളിൽ ഉൾപ്പെടെ വെള്ളം കയറി.
ഇക്കാര്യം പെരിയാർ വാലി കനാൽ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും എല്ലാം അറിയിച്ചിട്ടും ആരും ഇവിടേക്കു തിരിഞ്ഞു നോക്കാൻ പോലും തയാറാകുന്നില്ലെന്നാണ് ആക്ഷേപം. അക്വഡക്ടിന്റെ ഒരു ഭാഗത്തുള്ള പൈപ്പ് ഭാഗികമായി മാലിന്യം നിറഞ്ഞ് തടസ്സപ്പെട്ടതിനാലാണു വെള്ളം കരകവിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളത്തിന്റെ സമ്മർദം വർധിച്ച് കാലപ്പഴക്കമുള്ള അക്വഡക്ട് തകർന്നാൽ പ്രദേശമാകെ വെള്ളത്തിലാകും. വലിയ ദുരന്തങ്ങൾക്കും സാധ്യത ഉണ്ടെന്നു ഇവർ അറിയിച്ചു.