വിനയ് ഫോർട്ട്, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങൾ ആക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന ‘സംശയം’ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയ ചിത്രമാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിനയ് ഫോർട്ടും ഫഹദ് ഫാസിലും ചേർന്ന് അഭിനയിച്ച ഷോർട്ട് വീഡിയോ വലിയ ഹിറ്റായി മാറിയിരുന്നു. പിന്നാലെ ലിജോ മോളും വിനയ് ഫോർട്ടും വിഷുവിന് ഏത് ചിത്രം കാണണമെന്ന സംശയത്തിൽ പരസ്പരം ചർച്ച ചെയ്യുന്ന വീഡിയോയും അണിയറ പ്രവർത്തകർ ചിത്രത്തിന്റെതായി പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ സംശയത്തിന്റെ പ്രമോഷൻ പരിപാടികൾ ഓൺലൈനിൽ കത്തി കയറുന്നതിനിടെ നടൻ ഷറഫുദ്ദീനും വിനയ് ഫോർട്ടും തമ്മിലുണ്ടായ തമ്മിലടിയുടെ വാർത്തകളാണ് പുറത്തുവരുന്നത്.
ഷറഫുദ്ദീനെ സിനിമയിൽ അഭിനയിപ്പിച്ചതിൽ വിനയ് ഫോർട്ടിനുണ്ടായ എതിർപ്പിനെച്ചൊല്ലി, ഷറഫ് ആണ് വഴക്കിനു തുടക്കമിട്ടത്. ഒടുവിൽ തർക്കം കയ്യാങ്കളിയിൽ എത്തുന്നതും ചീത്ത വിളിക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമായി കാണാം. കയ്യാങ്കളിക്കിടയിൽ ഷറഫ് വിനയ് ഫോട്ടിന്റെ കവിളത്ത് തല്ലുന്നതും വീഡിയോയിൽ കാണാം. സംശയം ടീമിന്റെ പുതിയ പ്രമോഷൻ പരിപാടിയാണോ എന്ന് ഒറ്റയടിക്ക് സംശയം തോന്നാമെങ്കിലും വിഷയത്തിൽ അണിയറ പ്രവർത്തകർ യാതൊരുവിധ വിശദീകരണവുമായി ഇതുവരെയും രംഗത്തെത്തിയിട്ടില്ല.