പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെടുത്തിയായിരുന്നു രാഹുലിന്റെ പ്രതികരണം. ‘പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് തെരുവിൽ പൊതുജനത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു!’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയ വനിത താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നുവെന്ന് പ്രിയങ്കാഗാന്ധി കുറ്റപ്പെടുത്തി.
‘ഗുസ്തി താരങ്ങളുടെ നെഞ്ചിലെ മെഡല്‍ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാധ്വാനത്തിലൂടെ കായിക താരങ്ങള്‍ നേടിയെടുത്ത മെഡല്‍ രാജ്യത്തിന്റെ യശ്ശസുയര്‍ത്തി. വനിത താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നിരിക്കുന്നു. ഇത് പൂർണമായും തെറ്റാണ്. സര്‍ക്കാരിന്റെ ഈ ധാര്‍ഷ്ട്യവും അനീതിയും രാജ്യം മുഴുവന്‍ കാണുന്നുണ്ട്’ എന്നിങ്ങനെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ജന്തര്‍മന്തറില്‍നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അനുവദിക്കാത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. തുടർന്ന് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷിയെ കൊണ്ടുപോയത്. പൊലീസ് മർദിച്ചതായി താരം ആരോപിച്ചു. താരങ്ങൾ സമരം ചെയ്ത് വന്നിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകൾ പൊളിച്ചുമാറ്റിയ പൊലീസ് അവരുടെ കിടക്കകളും മറ്റും നീക്കം ചെയ്യുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഒരു മാധ്യമപ്രവര്‍ത്തകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊലീസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അപലപിച്ചു. ഇന്ത്യന്‍ കായിക മേഖലക്ക് ദുഃഖകരമായ ദിവസമാണ് ഇന്നത്തേതെന്ന് ഗുസ്തിതാരമായ സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. താരങ്ങള്‍ തെരുവില്‍ വലിച്ചിഴക്കപ്പെടുമ്പോള്‍, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പാര്‍ലമെന്റില്‍ ഇരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഏതെങ്കിലും രാജ്യം തങ്ങളുടെ ചാമ്പ്യന്മാരോട് ഇങ്ങനെ പെരുമാറുമോയെന്ന് ബജ്‌റംഗ് പൂനിയ ചോദിച്ചു. അതിനിടെ, താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജെ.എന്‍.യുവിന് പുറത്ത് പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പാര്‍ലമെന്‍റിന് മുന്നില്‍ മഹിള മഹാപഞ്ചായത്ത് നടത്തുമെന്ന് കര്‍ഷകർ അറിയിച്ചിരുന്നു. എന്നാല്‍, പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും ജന്തർ മന്തറിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയത്. അതിർത്തിയില്‍ വാഹനങ്ങൾ പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്.