ഗുരുവായൂർ : ക്ഷേത്രത്തിൽ കഴിഞ്ഞ 15ന് നിർമാല്യ സമയത്ത് അഷ്ടപദി പാടാൻ ആളെത്താതിരുന്നതിനാൽ ചടങ്ങ് മുടങ്ങിയ സംഭവത്തിൽ, അഷ്ടപദി ഗായകനായ ജി.എൻ.രാമകൃഷ്ണനെ സസ്പെൻഡ് ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 10 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി.രാധികയെ ചുമതലപ്പെടുത്തി.അണുവിട മാറാതെ കൃത്യമായി നടന്നുവരുന്ന ചടങ്ങുകളാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രത്യേകത.
ഇതിനെ തകർക്കുംവിധം ജീവനക്കാർ പെരുമാറുന്നതു ഭാവിയിലും ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന നിലപാടാണ് ദേവസ്വം ഭരണസമിതി കൈക്കൊണ്ടതെന്നു ചെയർമാൻ ഡോ. വി.കെ.വിജയൻ പറഞ്ഞു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനെതിരെ നടപടി വേണമെന്ന് ക്ഷേത്രം തന്ത്രിയും ആവശ്യപ്പെട്ടു.ചില ഭരണസമിതി അംഗങ്ങൾ ക്ഷേത്രത്തിൽ ദർശനത്തിനുണ്ടായിരുന്ന സമയത്താണ് അഷ്ടപദി മുടങ്ങിയത്. അവർ തന്നെ ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയിൽപെടുത്തി. അഡ്മിനിസ്ട്രേറ്റർക്ക് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. തുടർന്നാണ് നടപടി.