തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തുന്ന ആളാണ് മെഗാസ്റ്റാർ മമ്മൂട്ടി. അതുകൊണ്ടുതന്നെ പ്രതീക്ഷഭാരവുമായി തിയേറ്ററിൽ എത്തുന്ന പ്രേക്ഷകനെ തെല്ലും നിരാശരാക്കാത്ത തിരഞ്ഞെടുപ്പുകൾ ആയിരുന്നു സിനിമയിൽ നടൻ ഈയടുത്ത് നടത്തിയതൊക്കെയും. നൻപകൽ നേരത്ത് മയക്കവും, റോഷാക്കും, കാതലും,ടർബോയും, കണ്ണൂർ സ്ക്വാഡുമൊക്കെ നടൻ എന്ന രീതിയിൽ പാൻ ഇന്ത്യ തലത്തിൽ തന്നെ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ നേടിക്കൊടുത്ത പടങ്ങളാണ്. പുതുമുഖ സംവിധായകരോട് വലിയ അനുഭാവം പുലർത്തുന്ന പരീക്ഷണ സിനിമകളെ സ്വാഗതം ചെയ്യുന്ന സീനിയർ നടൻ എന്ന് വിശേഷണം കൂടിയുണ്ട് മമ്മൂട്ടിക്ക്.
ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തകളാണ് വരുന്നത്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി നായകനാകുമെന്നാണ് പുതിയ റിപ്പോർട്ട്. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക. ഒക്ടോബറിൽ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ.
അതേസമയം മമ്മൂട്ടി ഇപ്പോൾ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയിക്കുന്നത്. കോമഡി ത്രില്ലർ ഴോണറിൽ കഥ പറയുന്ന ഈ സിനിമയിൽ പ്രൈവറ്റ് ഡിറ്റക്ടീവായിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോർട്ട്. സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്‍ലെക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കി. മമ്മൂട്ടി ഈ കഥാപാത്രത്തിന് യോജിച്ചതെന്ന് പറഞ്ഞതും നിർദ്ദേശിച്ചതും സംവിധായകനാണെന്നും നീരജ് വ്യക്തമാക്കി.