
തിരുവനന്തപുരം: രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാനായി സവാരി വിളിച്ച യുവതിയെ ഓട്ടോറിക്ഷാ ഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചു. അതിക്രമത്തിന് ഇരയായ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മുട്ടത്തറ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിയാസിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളി രാത്രി 10.30ന് ആയിരുന്നു സംഭവം.
വീട്ടിലേക്കു പോകാനായി അട്ടക്കുളങ്ങരയിൽ നിന്നാണു യുവതി ഓട്ടോയിൽ കയറിയത്. കനത്ത മഴയായതിനാൽ പിൻസീറ്റിലെ ഇരുവശവും ഷീറ്റ് കൊണ്ട് അടച്ചിരുന്നു. തിരക്കില്ലാത്ത റോഡിലേക്കു കടന്നതോടെ ഡ്രൈവർ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കാൻ തുടങ്ങി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നതിനാൽ യുവതി പേടിച്ച് ഒന്നും മിണ്ടിയില്ല.
വഴിയിൽ ഇറങ്ങണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്തിയില്ല. മുട്ടത്തറ ക്ഷേത്രത്തിനു സമീപത്തെ ഇടവഴിയിൽ വാഹനം നിർത്തി ഡ്രൈവർ യുവതിയെ കടന്നുപിടിച്ചു പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അവിടെ നിന്നു യുവതിയെ ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റി ബീമാപള്ളി ഭാഗത്തേക്കു കൊണ്ടു പോയി. അവിടെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
വഴിമധ്യേ യുവതി ബഹളം വയ്ക്കുകയും സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ ഇടപെടുകയും ചെയ്തതോടെ ഡ്രൈവർ വാഹനം നിർത്തുകയും യുവതി ഇറങ്ങി ഓടുകയുമായിരുന്നു. നാട്ടുകാർ ചേർന്നു യുവതിയെ ഓട്ടോയിൽ കയറ്റി ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് എടുത്ത പൊലീസ് പ്രതിക്ക് എതിരെ പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി. രാവിലെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിക്ക് അടിമയായ പ്രതി പോക്സോ അടക്കം 9 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.