
കൂത്താട്ടുകുളം∙ കെഎസ്ആർടിസി ബസിൽ നഷ്ടപ്പെട്ട 60,000 രൂപയും ജോലിസംബന്ധമായ രേഖകളും ഉൾപ്പെട്ട ബാഗ് 3 മണിക്കൂറിനകം കണ്ടെത്തി. തുണയായതു കൂത്താട്ടുകുളം സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.വി. ദിലീപ് കുമാറിന്റെ ഇടപെടൽ. തിരുമാറാടി സ്വദേശി അരുൺ മാത്യുവിന്റെ ബാഗാണ് മൂവാറ്റുപുഴ നിന്നു കൂത്താട്ടുകുളത്തേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ വച്ച് മറ്റൊരു ബാഗുമായി മാറിയെടുത്തത്. വീട്ടിലെത്തിയപ്പോഴാണ് ബാഗ് മാറിയ വിവരം അരുൺ അറിയുന്നത്. ഉടൻ കൂത്താട്ടുകുളം ഡിപ്പോയിലെത്തി വിവരം പറഞ്ഞു.
ഡിപ്പോയിലെ ജീവനക്കാരൻ സ്പെഷൽ ബ്രാഞ്ചിൽ അറിയിച്ചതിനെ തുടർന്ന് അരുണിന്റെ കൈവശമുണ്ടായിരുന്ന ബാഗിലെ രേഖകൾ പരിശോധിച്ച് എഎസ്ഐ പി.വി. ദിലീപ് കുമാർ ആ ബാഗിന്റെ ഉടമയെ കണ്ടെത്തി. തന്റെ ബാഗ് നഷ്ടപ്പെട്ടുവെന്നും എന്നാൽ ബസിലിരുന്ന ബാഗ് എടുത്തില്ലെന്നും ഇദ്ദേഹം പറഞ്ഞു. തുടർന്ന് കെഎസ്ആർടിസി ബസിലുണ്ടായിരുന്ന സുഹൃത്തിനെ ബന്ധപ്പെട്ട് ബാഗ് കണ്ടെത്തുകയായിരുന്നു. കണ്ടക്ടർ വഴി കൊട്ടാരക്കര ഡിപ്പോയിൽ ഏൽപിച്ച ബാഗ് അരുൺ ഏറ്റുവാങ്ങി.