മുംബൈ: ഒമിക്രോണ്‍ വകഭേദം ശക്തിപ്രാപിച്ചതിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ നീട്ടി. ജനുവരി 15 വരേയ്ക്കാണ് നിരോധനാജ്ഞ നീട്ടിയത്. ബീച്ചുകള്‍, മൈതാനങ്ങള്‍, തീരപ്രദേശങ്ങള്‍, ഉല്ലാസയിടങ്ങള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, സമാനമായ മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ പ്രവേശിക്കുന്നതിന് പൂര്‍ണ വിലക്കാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു . കഴിഞ്ഞ ദിവസം വൈകിട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ കൊവിഡ് ടാസ്‌ക് ഫോഴ്സുമായി അടിയന്തിര യോഗം നടത്തിയിരുന്നു. തുടര്‍ന്നാണ് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനമായത്. പ്രധാന നഗരമായ മുംബൈ ഉള്‍പ്പടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.