നടൻ ബാലക്കെതിരെ വീണ്ടും പരാതിയുമായി മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ്. കോടതിയിൽ നൽകിയ ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ കൃത്രിമം കാണിച്ചു എന്ന പരാതിയുമായാണ് അമൃത സുരേഷ് പൊലീസിനെ സമീപിച്ചത്. അമൃതയുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ വ്യാജ ഒപ്പിട്ടതായാണ് അമൃതയുടെ പരാതിയിൽ പറയുന്നത്. ഹൈക്കോടതിയിൽ വ്യാജരേഖകൾ സമർപ്പിച്ചെന്നും മകളുടെ പേരിലുള്ള ഇൻഷുറൻസ് പണം പിൻവലിച്ചെന്നും ആരോപണമുണ്ട്. മകളുടെ പേരിലുള്ള ഇൻഷുറൻസ് തുക 2022-ലാണ് പിൻവലിച്ചത്. കുട്ടിയുടെ തുടർ പഠനത്തിനും ജീവിതകാലം മുഴുവനുമുള്ള ലൈഫ് ഇൻഷുറൻസാണ്. അക്കൗണ്ടിൽ കിടന്ന തുച്ഛമായ തുകയും എടുത്തു. സംശയം തോന്നി ബാങ്കിൽ പോയി അന്വേഷിച്ചപ്പോഴാണ് പണം പിൻവലിച്ച കാര്യം അറിഞ്ഞതെന്നും അമൃത സുരേഷ് പറഞ്ഞു.
പണം പിൻവലിക്കാനുള്ള അവകാശം മകൾക്ക് മാത്രമായിരിക്കണം എന്നത് പേപ്പറിൽ ഉണ്ടായിരുന്നെന്നും എന്നാൽ ആ ഭാഗം മുഴുവനായും മാറ്റി തന്റെ വ്യാജ ഒപ്പിട്ടെന്നും അമൃത പറഞ്ഞു. അതേസമയം, കേസിനെ കുറിച്ച് അറിയില്ലെന്നും എന്തുകൊണ്ടാണ് പരാതികൾ വീണ്ടും വരുന്നതെന്ന് അറിയില്ലെന്നും ബാല പ്രതികരിച്ചു. കേസിനെ കുറിച്ച് അന്വേഷിച്ചതിന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും ബാല പറയുന്നു.