ആലപ്പുഴ∙ റോഡിലൂടെ നടന്നു പോയ കുടുംബാംഗങ്ങളുടെ സംഘത്തിലേക്ക് ബൈക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ബൈക്കോടിച്ചയാൾ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്. കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേർക്കും പരുക്കേറ്റു. ചമ്പക്കുളം കരീത്ര താമരവേലിച്ചിറ വീട്ടിൽ സിജോമോൻ ആന്റണി (46) ആണ് മരണപ്പെട്ടത്.
ബൈക്ക് ഓടിച്ച പല്ലന നെടുംപറമ്പിൽ വീട്ടിൽ വിജയന്റെ മകൻ വിപിൻ (24) ആണ് ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ഉള്ളത്. ആലപ്പുഴ പുന്നമട മോൻസി പുതുവേലിൽ (വർഗീസ്-62 ), ഭാര്യ ലൂസി (59), ഇവരുടെ മകൾ നിമ്മി വർഗീസ് പുതുവേലിൽ (25), ബന്ധു ആന്റണി ജോസഫ് (35) എന്നിവരെ പരുക്കുകളോട് കൂടി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിന്റെ പിന്നിൽ ഇരുന്ന കണ്ണൂർ പയ്യന്നൂർ പടിഞ്ഞാറേ പുരയിടത്തിൽ അഷറഫിന്റെ മകൻ ഫർഹാൻ (19 ) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പുന്നമട റോഡിൽ എച്ച്എംസിഎ പള്ളിക്ക് അടുത്ത് ആയിരുന്നു സംഭവം. പോയിന്റിൽ റമദ ഹോട്ടലിലെ ജീവനക്കാരായ വിപിനും ഫർഹാനും ജോലി കഴിഞ്ഞ് പുന്നമടയിലെ താമസ സ്ഥലത്തേക്ക് പോകുവേയാണ് അപകടമുണ്ടായത്. എച്ച്എംസിഎ പള്ളിക്ക് അടുത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ഇടതുവശം ചേർന്നു പോയ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി. കുടുംബാംഗങ്ങൾക്ക് ഒപ്പം പിന്നിൽ സഞ്ചരിച്ച സിജോമോനെ ഇടിച്ച ബൈക്ക് മറ്റുള്ളവരെയും ഇടിച്ച ശേഷം റോഡിൽ വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോ മോന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ.