Spread the love

ഫോർട്ട്കൊച്ചി∙ ബീ‍ച്ചിലെ നടപ്പാത മനോഹരമാക്കിയെങ്കിലും അതിലൂടെ നടക്കണമെങ്കിൽ മൂക്ക് പൊത്തണം. നോർത്ത് ബീച്ചിന്റെ മധ്യഭാഗത്തായി രൂപം കൊണ്ട വെള്ളക്കുഴിയിൽ മാലിന്യങ്ങൾ കിടന്ന് ചീഞ്ഞളിഞ്ഞ് ദു‍ർഗന്ധം പരത്താൻ തുടങ്ങിയിട്ട് ദിവസങ്ങളോളമായി. വേലിയേറ്റത്തിൽ അടിച്ചു കയറുന്ന വെള്ളം ഇവിടെ കിടന്ന് ചീഞ്ഞ് നാറുകയാണ്. മുൻ വർഷങ്ങളിൽ ഇതു പോലെ ഉണ്ടായ സാഹചര്യങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുണ്ടാക്കി വെള്ളം കടലിലേക്ക് പോകുന്നതിന് അവസരം ഉണ്ടാക്കിയിരുന്നു. വിദേശികൾ അടക്കം നൂറു കണക്കിനാളുകളാണ് പ്രഭാത– സായാഹ്ന സവാരിക്കും ഉല്ലാസത്തിനുമായി ബീച്ചിൽ എത്തുന്നത്.

നടപ്പാതയിലെ പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ കെഎംആർഎൽ നേതൃത്വത്തിൽ കഴിഞ്ഞ മാസം ശരിയാക്കി. നടപ്പാതയിൽ പുതിയ വിളക്കുകളും സ്ഥാപിച്ചു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ബീച്ച് ശുചീകരിക്കുന്നുണ്ടെങ്കിലും ദിവസവും പോളപ്പായൽ മാലിന്യം അടക്കം കരയിലേക്ക് കയറുന്നത് പരിസരം മലിനമാക്കുന്നു . ബീച്ചിലും പരിസരത്തുമുള്ള മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. പൈതൃക സ്മാരകമായ ബാസ്റ്റ്യൻ ബംഗ്ലാവിന് സമീപത്തും റസ്റ്റ് ഹൗസ് കെട്ടിടത്തിന് സമീപത്തും മാലിന്യങ്ങൾ ചാക്കിൽ കെട്ടി സൂക്ഷിച്ചു വച്ചിരിക്കുന്നത് കാണാം.

Leave a Reply