കൊല്ലം: കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം. കടലിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ ഉള്ളിൽ വെച്ചാണ് തീപിടിത്തമുണ്ടായത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഒമ്പത് മത്സ്യത്തൊഴിലാളികളാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. തീപിടുത്തമുണ്ടായതിനെ തുടർന്ന് ഇവരെല്ലാം കടലിലേക്ക് ചാടി. തുടർന്ന് തൊട്ട് അടുത്ത് ഉണ്ടായിരുന്ന ഇവരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് ഇവരെ രക്ഷപ്പെടുത്തി. ബോട്ട് പൂർണമായും കത്തിനശിച്ചു. ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.