കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുറിക്കുളളിൽ നിന്നും തുണിയിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം കോഴിക്കോട്, മലപ്പുറം സ്വദേശികളായ അഞ്ച് പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഇവരിൽ മൂന്ന് പേർ വിനോദ യാത്രയ്ക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നാണ് പൊലീസിന് നൽകിയ മൊഴി. യുവാക്കളിൽ ഒരാളുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കാണാതായ അർഷാദിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയത് ഇന്നലെ വൈകിട്ടെന്ന് പൊലീസ്. കൊലപാതകം പുറത്തറിഞ്ഞതോടെയാണ് അർഷാദിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത്. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോൺ ഓഫായതെന്നും പൊലീസ് പറയുന്നു. അർഷാദിനായി ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയിൽ ആണെന്നും എഫ് ഐ ആറിൽ പറയുന്നു.
ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ അർഷാദിന്‍റെ കൈയ്യിലാണ് കൊല്ലപ്പെട്ട യുവാവിന്‍റെ ഫോൺ ഉള്ളതെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്നലെ ഉച്ചവരെ ഈ ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. താൻ സ്ഥലത്തില്ലെന്നായിരുന്നു മെസ്സേജ്. കൃത്യം നടത്തിയയാൾ ഫോൺ കൈക്കലാക്കി മറ്റുള്ളവർക്ക് മെസ്സേജ് അയച്ചതാണെന്നാണ് സംശയിക്കുന്നത്. അതേസമയം അർഷാദിന്‍റെ ഫോൺ സ്വിച്ച്ഓഫാണ്.