വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് മൃതേദഹം പുറത്തെടുത്തത്. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടക്കുമെന്ന് തഹസിൽദാർ എ എം പ്രേംലാൽ അറിയിച്ചു. മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരെ കാക്കൂർ പോലീസ് കേസെടുത്തിരുന്നു.10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയത്.