മലയാളത്തിന്റെ എവർഗ്രീൻ ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. ഫാസിൽ സംവിധാനം ചെയ്ത പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തോടെയാണ് ബാബു ആന്റണി ശ്രദ്ധ നേടുന്നത്. അതുവരെ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ബാബു ആന്റണിയുടെ കരിയറിലെ നാഴികക്കല്ലായി മാറുകയായിരുന്നു ആ ചിത്രം.
ഗുരുതുല്യനായ ഫാസിലിനോടും കുടുംബത്തോടും ഏറെ കടപ്പാടും സ്നേഹവും കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ബാബു ആന്റണി. ഫാസിലിന്റെ മകനും തെന്നിന്ത്യയുടെ തന്നെ അഭിമാനതാരവുമായ ഫഹദ് ഫാസിലിനെ കുറിച്ച് ബാബു ആന്റണി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.
“പൂവിനു പുതിയ പൂന്തെന്നൽ ചെയ്യുന്നതിനിടയിൽ എൻ്റെ മടിയിൽ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനിൽ ഞങ്ങൾ,” എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്. പരസ്പരം മുത്തമേകുന്ന ബാബു ആന്റണിയേയും ഫഹദിനെയും ചിത്രങ്ങളിൽ കാണാം.
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശൻ, രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോർജ്ജ്, സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക് എന്നിവർ നിർവ്വഹിക്കുന്നു.