
മനുഷ്യർ മാത്രമല്ല മൃഗങ്ങളും ദയ അർഹിക്കുന്നവരാണ്. അടിയന്തര സിപിആർ നൽകി നായയെ രക്ഷിക്കുന്ന മനുഷ്യന്റെ ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. കലിഫോർണിയയിലെ ലോസ് ആഞ്ചൽസിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ . ഒരു സ്ത്രീയുടെ വളർത്തുനായയാണ് നടന്നുകൊണ്ടിരിക്കെ തളർന്നു വീണത്. സ്റ്റോൺ എന്നാണ് നായയുടെ പേര്. 9 വയസ്സുണ്ട്. നായ വീണതോടെ സ്ത്രീ സഹായം അഭ്യർഥിച്ച് കരയാൻ തുടങ്ങി.
പെട്ടെന്ന് തന്നെ ഒരാൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. നായ ശ്വസിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ജേ എന്നയാൾ ഉടൻ തന്നെ നെഞ്ചിൽ അമർത്താൻ തുടങ്ങി. മാത്രമല്ല വായിലൂടെ ശ്വാസവും നൽകി. നിമിഷങ്ങൾക്കകം നായയുടെ കൈകാലുകൾ പിടഞ്ഞു. അത് ജീവിതത്തിലേക്ക് തിരികെയെത്തി. പിന്നീട് കാണുന്നത് നായ ജേയ്ക്കൊപ്പം കളിക്കുന്നതും സ്നേഹപ്രകടനം നടത്തുന്നതുമാണ്. കണ്ണ് നിറയാതെ ആ ദൃശ്യങ്ങൾ കാണാനാകില്ലെന്നാണ് കമന്‍റുകള്‍. നിരവധിപേരാണ് ജേയെ വാഴ്ത്തി രംഗത്തെത്തുന്നത്.