കൊല്ലം എഴുകോണിൽ ബസില്‍നിന്ന് തെറിച്ചുവീണ ഒന്‍പതാംക്ലാസുകാരനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ക്രൂരത. ഓടുന്ന ബസില്‍നിന്ന് റോഡിലേക്കുതെറിച്ചുവീണ് പരിക്കേറ്റ എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി കുണ്ടറ നാന്തരിക്കല്‍ ഷീബാഭവനില്‍ നിഖിലല്‍ സുനിലിനെ പിന്നാലെവന്ന ഹോംഗാര്‍ഡാണ് ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെ ചീരങ്കാവ് പെട്രോള്‍ പമ്പിനുസമീപമായിരുന്നു അപകടമുണ്ടായത്. സ്‌കൂള്‍വിട്ട് കൊട്ടാരക്കര – കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസില്‍ കുണ്ടറയ്ക്കുവരുമ്പോള്‍ വാതിലില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നിഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികള്‍ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.
ചീരങ്കാവിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പിലിറക്കിയശേഷം ജീവനക്കാര്‍ യാത്ര തുടരുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തി അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകരാണ് നിഖിലിന്റെ മാതാപിതാക്കളെ വിവരമറിയിച്ചത്.
തലയ്ക്കും കാലിനും മുഖത്തും തോളിനും പരിക്കേറ്റ് റോഡില്‍കിടന്ന നിഖിലിനെ പിന്നാലെയെത്തിയ ബൈക്ക് യാത്രികന്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എഴുകോണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി കുണ്ടറ താലൂക്ക് ആശുപത്രിലെത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് സ്‌റ്റേഷന്‍ ഹോംഗാര്‍ഡ് ചീരങ്കാവ് സ്വദേശി സുരേഷ്ബാബുവാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്.