പാലക്കാട്∙ തിരുവാഴിയോട് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് നിരങ്ങിയെത്തി വൈദ്യുത പോസ്റ്റിടിച്ച് തകർക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ബസിനു മുകളിലേക്ക് മറിഞ്ഞുവീണു. ക്രെയിന്‍ എത്തിച്ചാണ് ബസ് ഉയർത്തിയത്.തിരുവാഴിയോട് കാർഷിക വികസന ബാങ്കിനു മുൻപിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിന്റെ സൈഡിലെ കുഴിയിലേക്ക് ബസ് ഇറങ്ങിയിരുന്നു. കുഴിയിൽ നിന്നു കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഒരുവശത്തേക്ക് മറിഞ്ഞ് ബാങ്കിനു മുൻവശത്തെ ഗ്രില്ല് തകർത്തു. ശേഷം വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഇന്നു രാവിലെ 7.45ന് തിരുവാഴിയോട് കാർഷിക വികസന ബാങ്കിനു മുൻപിലാണ് അപകടമുണ്ടായത്. ചെന്നൈയിൽനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. മലപ്പുറം എടയത്തൂർ സ്വദേശിനി സൈനബാ ബീവി (39), കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി ഇഷാൻ മൊയ്തു (18) എന്നിവരാണ് മരിച്ചത്. ഇരുപതോളം പേർക്ക് പരുക്കേറ്റു.