കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ചിറക്കൊല്ലിമീത്തൽ വിനൂപ് എന്ന വിനു രാത്രിയിൽ ജെസിബികളിൽ നിന്നും ബാറ്ററി മോഷണത്തെ തുടർന്ന് പിടിയിലായി. സംശയം തോന്നാതിരിക്കാൻ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയുമൊത്താണ് സ്വന്തമായി ദിവസ വാടകക്കെടുത്ത ഓട്ടോയിൽ നിലമ്പൂരിലെ ആക്രിക്കടകളിൽ ബാറ്ററികൾ വിൽപ്പന നടത്താനെത്തിയിരുന്നത്. ഓട്ടോയിൽ യാത്ര ചെയ്യുന്ന യാത്രക്കാരിയുടെ വീട്ടിലെ ഇൻവെർട്ടറിലെ ബാറ്ററിയാണ്, ഇടിമിന്നലിൽ ഇൻവെർട്ടർ തകരാറായതാണ് വിൽപന നടത്താൻ കാരണം എന്ന് പറഞ്ഞാണ് വിൽപ്പന നടത്തിയിരുന്നത്. ലോക്ഡൗൺ കാലത്തു കുറ്റ്യാടിയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കോട്ടയത്തേക്കു കടത്തും വഴി കുമരകത്തു പോലീസ് പിടിയിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി നേരം പുലരുമ്പോഴേക്കും കുറ്റ്യാടിയിൽ നിന്ന് 250ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് നാല് ജില്ലകളും കടന്ന് കോട്ടയം കുമരകം വരെ എത്തിയിരുന്നു. കുമരകം പൊലീസ് സ്റ്റേഷൻ അതിർത്തിയായ കവനാട്ടിൻകരയിലെ പൊലീസ് ചെക്ക് പോയിന്റിലെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. ഇപ്പോൾ വഴിക്കടവ് പാലാട് നിന്നും മഫ്തി വേഷത്തിലെത്തിയ പൊലീസ് ഓട്ടോ ട്രിപ്പിനാണെന്നു പറഞ്ഞ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.