
തിരുവന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് എഴുതിയ നിലയിൽ കണ്ടെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശായാസ്പദമായ സാഹചര്യത്തിലാണ് കാർ കണ്ടെത്തിയത്. കർഷക സമരത്തെ അനുകൂലിച്ചും പ്രധാനമന്ത്രിക്കെതിരെയുമുള്ള പരാമർശങ്ങളാണ് കാറിന്മേൽ എഴുതിയിരിക്കുന്നത്. കണ്ടെത്തിയത് യുപി രജിസ്‌ട്രേഷൻ വാഹനമാണെന്ന് തിരിച്ചറിഞ്ഞു. കാർ കണ്ടെത്തിയ സ്ഥലത്ത് മ്യൂസിയം പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
വൈകീട്ട് മൂന്നു മണിക്ക് ശേഷമാണ് കാറുമായി ഒരാൾ വക്കം റോയൽ ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിക്കാനെത്തിയത്. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പിന്നീട് കാറിലെത്തിയ പഞ്ചാബ് സ്വദേശി ഓട്ടോയിൽ കയറി പോവുകയായിരുന്നു. എന്നാൽ ഇയാളെ പൊലീസിന് പിടികൂടാനായിട്ടില്ല. വാഹനത്തിനകത്ത് നിന്ന് ഏതാനും വസ്ത്രങ്ങളും വാഹനത്തിന്റെ സ്‌പൈർപാഡ്‌സുകളും മാത്രമാണ് ലഭിച്ചത്. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള നടപടി പൊലീസ് ആരംഭിച്ചു.