ആലുവ∙ കുട്ടമശേരിയിൽ ഓട്ടോയിൽനിന്ന് റോഡിൽ തെറിച്ചുവീണ ഏഴു വയസ്സുകാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിടിച്ചെടുത്തു. വാഹനം ഓടിച്ചയാളും കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാർ കുട്ടിയെ ഇടിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇയാൾ പറയുന്നത്.
ഇടപ്പള്ളി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് ഉടമ പറഞ്ഞു. ഇവരുടെ ബന്ധുവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം.
വാഴക്കുളം മാറമ്പിള്ളി പ്രേം നിവാസിൽ പ്രീൽജിത്തിന്റെ മകൻ നിഷികാന്ത് പി.നായർക്കാണ് അപകടത്തിൽ പരുക്കേറ്റത്. രാവിലെ 10ന് കുട്ടമശേരി ആനിക്കാട് കവലയിലാണു അപകടം. ആലുവയിൽനിന്ന് മാറമ്പിള്ളിയിലേക്കു പിതാവിനൊപ്പം ഓട്ടോയിൽ പോകുകയായിരുന്നു. ഇതിനിടെ കുട്ടി ഓട്ടോയിൽനിന്നു റോഡിലേക്കു തെറിച്ചു വീണു.
അപകടത്തിനു പിന്നാലെ കുട്ടി എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. കുട്ടിയെ ആദ്യം അടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. നിഷികാന്ത് രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ആശുപത്രി അധികൃതർ വിവരം അറിയിച്ചിരുന്നു. തുടർന്നു പൊലീസ് ഉദ്യോഗസ്ഥൻ ബന്ധുക്കളെ വിളിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ഉദ്യോഗസ്ഥനു കൈമാറിയിട്ടും അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്തി പരാതി നൽകാനാണ് പൊലീസ് പറഞ്ഞതെന്നു കുടുംബം പരാതിപ്പെട്ടു.