പൊന്നാനി : ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂനസ് കോയയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നാനി കോടതിയിലാണ് 250 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും നിരത്തിയുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
ജൂൺ 20ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗൾഫിൽ നിന്ന് അവധിക്കെത്തിയ യൂനസ് കോയ ഭാര്യ പൊന്നാനി സ്വദേശിയായ ആലുങ്ങൽ സുലൈഖയെ വീട്ടിലെത്തി തലയ്ക്കടിച്ചു കൊന്നെന്നാണ് കേസ്. സംഭവ ശേഷം വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പിടികൂടുന്നത്.
ഭാരതപ്പുഴ നീന്തിക്കടന്ന് പടിഞ്ഞാറേക്കര ഭാഗത്തെത്തിയ പ്രതി പിന്നീട് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തി ഹൈദരാബാദിലേക്ക് മുങ്ങിയിരുന്നു. ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ മേൽനോട്ടത്തിൽ തിരൂർ ഡിവൈഎസ്പി കെ.എം.ബിജു, പൊന്നാനി സിഐ വിനോദ് വലിയാട്ടൂർ, എസ്ഐ എം.കെ.നവീൻ ഷാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.സജുകുമാർ, വൈ.പ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.