ലൈംഗിക ആരോപണം നേരിടുന്ന മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയിൽ കടുത്ത അമർഷം. പാർട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. അതേസമയം വിവാദങ്ങളിൽ ഇന്ന് പ്രതികരിക്കാൻ സുരേഷ് ഗോപിയും കെ സുരേന്ദ്രനും തയ്യാറായില്ല. ഇന്നലെ എംപിയെ തള്ളി രംഗത്തെത്തിയ കെ സുരേന്ദ്രൻ ഇന്ന് പ്രതികരിക്കാതെ ഒഴിയുകയായിരുന്നു.
മുകേഷിൻ്റെ രാജിക്കായി ബിജെപി സമരം കടുപ്പിക്കുമ്പോഴാണ് പാർട്ടി എം പി മുകേഷിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കാൻ കിട്ടിയ മികച്ച സമയത്ത് തനി സിനിമാക്കാരനായി പാർട്ടിയെ കുഴപ്പിച്ചുവെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തൽ. സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കുന്ന കേന്ദ്ര നേതൃത്വം എംപിയെ നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.