ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം. വാക്സിൻ നൽകാൻ ആരോഗ്യപ്രവർത്തകരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു. ജനുവരി മൂന്നിനാണ് 15-നും 18-നും ഇടയിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ് തുടങ്ങുന്നത്. കോവാക്സിനാണ് കുട്ടികൾക്ക് നൽകുക.
നിലവിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചിലത് കുട്ടികൾക്കായി മാറ്റുകയോ പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിക്കുകയോ ആവാം. വാക്സിനുകൾ തമ്മിൽ മാറിപ്പോകാതിരിക്കാനാണിത്. ഒരേ കേന്ദ്രത്തിന്റെ രണ്ടുഭാഗത്താണ് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വാക്സിനേഷനെങ്കിൽ കുത്തിവെപ്പിന് വ്യത്യസ്തസംഘത്തെ നിയോഗിക്കണം. വാക്സിന്റെ ലഭ്യത ഉറപ്പാക്കിയശേഷംമാത്രമേ കുട്ടികളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാവൂ. വാക്സിനെടുത്ത് അരമണിക്കൂർ നിരീക്ഷണത്തിലിരുത്തിയശേഷമേ വീട്ടിലേക്കുപോകാൻ അനുവദിക്കാവൂ എന്നും കത്തിൽ പറയുന്നു.
ജനുവരി ഒന്നുമുതൽ കോവിൻ പോർട്ടലിൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. വീട്ടിലെ മുതിർന്നവരുടെ കോവിൻ പോർട്ടൽ അക്കൗണ്ട് ഉപയോഗിക്കുകയോ പുതിയത് തുടങ്ങുകയോ ചെയ്യാം. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ ഇല്ലെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡ് മതിയാകും. 10-ാം ക്ലാസ് സർട്ടിഫിക്കറ്റും പരിഗണിക്കും. മൂന്നുമുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ട് രജിസ്റ്റർചെയ്യാം. 28 ദിവസമാണ് വാക്സിനുകൾ തമ്മിലുള്ള ഇടവേള.