Spread the love


മെഡിക്കൽ, ഡെന്റൽ അഖിലേന്ത്യാ ക്വോട്ടയിൽ ഒബിസി, മുന്നാക്ക സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.


ന്യൂഡൽഹി :സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ അഖിലേന്ത്യാ ക്വോട്ട സീറ്റുകളിൽ ഈ വർഷം മുതൽ ഇതര പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 27 %, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് (ഇഡബ്ല്യുഎസ്) 10 % വീതം സംവരണം നടപ്പാക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. എംബിബിഎസിനും ബിഡിഎസിനും 15 %, പിജി കോഴ്സുകളായ എംഡി, എംഎസ്, ഡിപ്ലോമ, എംഡിഎസ് എന്നിവയ്ക്ക് 50 % എന്നിങ്ങനെയാണ് അഖിലേന്ത്യാ ക്വോട്ട. ഈ സീറ്റുകളിൽ 2007 മുതൽ പട്ടികജാതി– 15 %, പട്ടികവർഗം – 7.5 % എന്നിങ്ങനെ സംവരണമുണ്ട്.കേന്ദ്ര സർക്കാരിന്റെ ഒബിസി പട്ടികയുടെയും ഇഡബ്ല്യുഎസ് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാകും സംവരണം നടപ്പാക്കുക.
കേന്ദ്ര സർക്കാരിനു കീഴിലുള്ള മെഡിക്കൽ കോളജുകളിൽ ഒബിസി, ഇഡബ്ല്യുഎസ് സംവരണമുണ്ടെങ്കിലും സംസ്ഥാന ഗവ. മെഡിക്കൽ / ഡെന്റൽ കോളജുകളിലെ അഖിലേന്ത്യാ ക്വോട്ടയിൽ നടപ്പിലാക്കിയിരുന്നില്ല. അഖിലേന്ത്യാ ക്വോട്ടയിൽ തമിഴ്നാട്ടിലെ സീറ്റുകളിൽ ഒബിസി സംവരണം നടപ്പാക്കാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കാത്തതിലൂടെ കേന്ദ്ര സർക്കാർ കോടതിയലക്ഷ്യം കാട്ടുകയാണെന്ന് കഴിഞ്ഞ 19നു ഹൈക്കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയും വിമർശിച്ചതിനു പിന്നാലെയാണ് സർക്കാർ നടപടി.

Leave a Reply