തിരുവനന്തപുരം: കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ സൗജന്യവും സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ട് കേരള നിയമസഭ.

നിയമസഭ യോഗത്തിൽ മന്ത്രി വീണ ജോർജ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു.പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ പ്രയോജനപ്പെടുത്തിയുള്ള വാക്സിൻ വിതരണം കേന്ദ്രം പരിഗണിക്കണം. സംസ്ഥാനങ്ങൾ തനിച്ച് വാങ്ങുന്നതിലും ലാഭകരം ആഗോള ടെൻഡർ വഴി കേന്ദ്രം രാജ്യത്തിനാകെ വേണ്ട വാക്സിൻ വാങ്ങുന്നതാണ് എന്നും പ്രമേയത്തിൽ പറയുന്നു.
സംസ്ഥാനങ്ങളോട് കമ്പോളത്തിൽ മത്സരിക്കാൻ നിർദ്ദേശിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാജ്യത്തിൻറെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന 2 സ്ഥാപനങ്ങൾക്ക് മാത്രം വാക്‌സീൻ നിർമിക്കുന്നതിനും,വില നിർണയിക്കുന്നതിനുമുള്ള അനുമതി നൽകി കേന്ദ്രം രാജ്യത്തെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.യോഗത്തിൽ പി.ടി തോമസും,എൻ ഷംസുദിനും ഭേദഗതികൾ നിർദ്ദേശിച്ചു.