Spread the love

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്നും നടത്താനായില്ല. അടിയന്തരമായി പണം കണ്ടെത്താനുള്ള നടപടികൾ ധനവകുപ്പ് തുടങ്ങി. ചരിത്രത്തിലാദ്യമായി രണ്ടാം ദിനവും ശമ്പളവിതരണം നടക്കാതായതോടെ ജീവനക്കാര്‍ കടുത്ത അതൃപ്തിയിൽ. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിച്ചില്ല. പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാൻ നിർദേശം നൽകി. 97,000 പേർക്കാണ് ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്. ഇനി തിങ്കളാഴ്ചയേ പണം ലഭിക്കൂ എന്നാണ് ട്രഷറിയിൽനിന്ന് ലഭിക്കുന്ന അറിയിപ്പ്.

ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെയാണ് ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചത്. അക്കൗണ്ടിൽ പണം എത്തിയെങ്കിലും ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുന്നില്ല. ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിലെത്തുന്ന ശമ്പളം അവിടെനിന്നാണ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. ഇടിഎസ്ബിയിൽ പണം എത്തിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയില്ല.

സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, എക്സൈസ്, പൊതുമരാമത്ത്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ആദ്യദിവസം ശമ്പളം കിട്ടുന്നത്. അധ്യാപകർക്കാണ് ഇന്നു ശമ്പളം ലഭിക്കേണ്ടത്. 5 ലക്ഷം പെൻഷൻകാരുടെ പണം ഇന്നലെ കൈമാറി. ഇന്ന് പണം പിൻവലിക്കാമെന്ന് അധികൃതർ അറിയിച്ചു.

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നു സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തും. സാമൂഹിക ക്ഷേമ പെൻഷൻ ഏഴു മാസമായി കുടിശികയിലാണ്. ജീവക്കാരുടെ 7 ഗഡു ഡിഎയും കുടിശികയാണ്. ശമ്പളം മുടങ്ങിയതിൽ ഭരണപക്ഷ സംഘടനകൾക്കും അമർഷമുണ്ട്.

∙ മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം ശമ്പളം കിട്ടുന്ന വകുപ്പുകൾ

ലാൻഡ് റവന്യൂ, എക്സൈസ്, വെഹിക്കൾ ടാക്സ്, സെയിൽ ടാക്സ്, മറ്റg നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രൽ ഇൻസ്പക്ട്രേറ്റ്, സ്റ്റാംപ്സ്, റജിസ്ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിനു കീഴിൽവരുന്ന സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസും ഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിങ്, ഇൻഷുറൻസ്, ചെക്കുകൾ നൽകുന്ന എല്ലാ വകുപ്പുകളും, ഹരിജൻ വെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജല ഗതാഗതം

∙ രണ്ടാം ദിവസം ശമ്പളം ലഭിക്കുന്ന വകുപ്പുകൾ

വിദ്യാഭ്യാസ വകുപ്പ്, മെഡിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത്

∙ മൂന്നാം ദിവസം ശമ്പളം ലഭിക്കുന്ന വകുപ്പുകൾ

കൃഷി, ഫിഷറീസ്, അനിമൽ ഹസ്ബൻഡറി, സഹകരണം, വ്യവസായം, സയന്റിഫിക് ഡിപ്പാര്‍ട്ട്മെന്റുകൾ, ലേബർ, റൂറൽ ഡെവലെപ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, പോർട്ട്, സിവിൽ സപ്ലൈസ്, ഡയറി ഡെവലെപ്മെന്റ്

Leave a Reply