പത്തനാപുരം∙ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് (ബി)യിൽനിന്ന് തിരിച്ചെടുത്ത സിപിഎം തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചതിൽ പ്രതികരണവുമായി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. ചെയർമാനെ മാറ്റിയ കാര്യം മുഖ്യമന്ത്രിയോ എൽഡിഎഫ് കൺവീനറോ അറിഞ്ഞിരുന്നില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ട് പറയും. മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞപ്പോൾത്തന്നെ തീരുമാനം മരവിപ്പിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു.പുതുപ്പള്ളിയിൽ കൂടുതൽ വോട്ടു കിട്ടുന്നവർ ജയിക്കുമെന്ന്, ഒരു ചോദ്യത്തിന് ഉത്തരമായി ഗണേഷ് കുമാർ പറഞ്ഞു. യുഡിഎഫുകാരെല്ലാം ബസ് കണക്കിനാണ് വന്നിറങ്ങിയത്. പുതുപ്പള്ളിക്കാർ ആകെ പൊറുതിമുട്ടിയിരിക്കുകയായിരുന്നു. എവിടുന്നൊക്കെയോ ആളു വന്നു കതകിനു മുട്ടി വോട്ടു ചോദിക്കുകയാണ്. നമ്മള് ആവശ്യത്തിനു മാത്രം അവിടെ പോയാൽ പോരേ? പ്രചാരണത്തിനു പോയിരുന്നു. ഞാനും കൂടി ചെന്ന് എപ്പോഴും കതകിനു മുട്ടി ശല്യം ചെയ്യേണ്ടതില്ലല്ലോ എന്നു കരുതിയാണ് അവിടേക്കു കൂടുതൽ പോകാതിരുന്നതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.‘ചെയർമാനെ മാറ്റിയ ഉത്തരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ട് പറയട്ടെ. കോർപറേഷൻ ബോർഡ് പുനഃസംഘടിപ്പിച്ചിരുന്നു. അതല്ലാതെ ചെയർമാനെ മാറ്റിയിട്ടില്ല. അത് എഴുതിയവരുടെ പ്രശ്നമാണെന്നു തോന്നുന്നു. മുഖ്യമന്ത്രിയോ എൽഡിഎഫ് കൺവീനറോ ഇക്കാര്യം അറിഞ്ഞിട്ടില്ല. ഞാൻ പറയുമ്പോഴാണ് അവർ അറിയുന്നത്. അപ്പോൾത്തന്നെ മുഖ്യമന്ത്രി ഉത്തരവ് മരവിപ്പിക്കുകയും, പ്രേംജിത്ത് തന്നെ ചെയർമാനായി തുടരുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നു തോന്നുന്നില്ല.’
മുന്നണിയിലെ ധാരണയനുസരിച്ച് രണ്ടര വർഷത്തിനുശേഷം ലഭിക്കേണ്ട മന്ത്രിസ്ഥാനത്തേക്കുറിച്ചും ഗണേഷ് കുമാർ പ്രതികരിച്ചു. ‘‘മന്ത്രിസ്ഥാനത്തിന്റെ കാര്യം പറയാൻ രണ്ടര വർഷമായിട്ടില്ലല്ലോ. അതുകൊണ്ട് താൽക്കാലിക ചോദ്യങ്ങൾക്ക് തൽക്കാലം ഉത്തരമില്ല. എന്തായാലും അക്കാര്യമൊക്കെ എൽഡിഎഫ് കൃത്യസമയത്ത് തീരുമാനിക്കും. എന്നോട് ആർക്കും താൽപര്യക്കുറവൊന്നുമില്ല. എനിക്കും ആരോടും താൽപര്യക്കുറവില്ല. പാവപ്പെട്ട ഞാൻ ഒരു സൈഡിലൂടെ ഇങ്ങനെ പോകുവല്ലേ. ജാതിയും മതവും രാഷ്ട്രീയവുമൊന്നും ഇവിടെ വിഷയമല്ല. ഞാൻ പുതുപ്പള്ളിയിൽ പോയപ്പോൾ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുന്നിൽ എന്നെ തടഞ്ഞുനിർത്തി ആളുകൾ സ്നേഹം പങ്കുവച്ചത് അദ്ഭുതപ്പെടുത്തി. ഇത്തരമൊരു സാഹചര്യമാണ് ഞാൻ രാഷ്ട്രീയത്തിൽ വരുമ്പോൾ ആഗ്രഹിച്ചത്. അതു ലഭിക്കുന്നതിൽ സന്തോഷം.’മന്ത്രിമാർക്കും വിവിധ വകുപ്പുകൾക്കുമെതിരെ ഭരണകക്ഷിയിൽനിന്ന് വിമർശനം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഗണേഷ് കുമാർ തള്ളിക്കളഞ്ഞു. ‘‘ഞാൻ ഉന്നയിക്കുന്നത് വിമർശനമല്ല. നിങ്ങൾ തെറ്റിദ്ധരിക്കുകയാണ്. സത്യമല്ലേ ഞാൻ പറയുന്നത്? അല്ലാതെ ആരെയെങ്കിലും വിമർശിക്കുകയാണോ? ആരോഗ്യമന്ത്രിയെ കുറ്റം പറഞ്ഞോ? മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞോ? വെറുതെ തെറ്റിദ്ധരിപ്പിക്കരുത്. സർക്കാരിനെയൊന്നും ഞാൻ കുറ്റം പറഞ്ഞില്ല. ഒരു സ്ത്രീയുടെ വയറ്റിൽ കത്തി ഇരിക്കുന്നു എന്നു പറഞ്ഞാൽ കുറ്റമാണോ? ഞാൻ സർക്കാരിന്റെ സഹായം തേടാതെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി അതു ചെയ്തുകൊടുത്തില്ലേ? അല്ലാതെ ആരെയും കുറ്റപ്പെടുത്തിയില്ലല്ലോ.’
‘‘ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ അതിനെ വിമർശനമായി കാണേണ്ടതില്ല. നിയമസഭയ്ക്കുള്ളിൽ കാര്യങ്ങൾ പറയാൻ എംഎൽഎയ്ക്ക് അവകാശമുണ്ട്. അതിനെ വിമർശനമായി കാണേണ്ട. കാര്യങ്ങൾ പറയാനാണ് പത്തനാപുരത്തെ ആളുകൾ എന്നെ വോട്ടു ചെയ്തു ജയിപ്പിച്ചത്. രാവിലെ പോയി നിശബ്ദനായിരുന്ന് എനിക്കു കിട്ടേണ്ട അലവൻസും വാങ്ങി വരാൻ വേണ്ടിയല്ലല്ലോ അവർ എന്നെ തിരഞ്ഞെടുത്തത്.’
‘‘ഞാൻ ഒരു കക്ഷിയുടെ നേതാവാണ്. നിയമസഭയിൽ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനുള്ള അവകാശം എനിക്കുണ്ട്. എല്ലാ എംഎൽഎമാർക്കും ആ അവകാശമുണ്ട്. അതിൽ ഭരണപക്ഷ, പ്രതിപക്ഷ വ്യത്യാസമില്ല. ഞാൻ ശ്രദ്ധയിൽപ്പെടുത്തിയ കാര്യം സത്യമാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഞാൻ കള്ളമൊന്നും പറഞ്ഞില്ലല്ലോ.’ – ഗണേഷ് കുമാർ പറഞ്ഞു.