തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നു.
ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുക. ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങളാണ് നാടിനു സമര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കിഫ്ബിയില്‍ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിര്‍മ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കി 35 സ്കൂള്‍ കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ടും എം എല്‍ എ ഫണ്ടും എസ് എസ് കെ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.