അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ‘നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ഈ സന്ദേശം ഉൾക്കൊണ്ട് സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലുളള വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുളള സംസ്ഥാന സർക്കാരിന്റെ 2021ലെ വനിത രത്ന പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും. അങ്കണവാടി മുഖേന നൽകുന്ന സേവനങ്ങൾ പൂർണമായി ജനങ്ങളിൽ എത്തിക്കുന്നതിനായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, സൂപ്പർവൈസർമാർ, ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്കുളള അവാർഡും വിതരണം ചെയ്യുന്നു. സ്ത്രീധനത്തിനെതിരായുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടൽ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.