Spread the love
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ജൂണ്‍ 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലപ്പുറം: നിര്‍മാണം പൂര്‍ത്തിയായ തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ജൂണ്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജയിലിന്റെ അവസാനവട്ട മിനുക്കു പണികള്‍ പുരോഗമിക്കുകയാണ്. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിനു കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ജയിലാണിത്. ആദ്യം ജില്ലാ ജയിലായി നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു.

706 തടവുകാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് നിലവിലുള്ളത്. നിലവിലെ സെന്‍ട്രല്‍ ജയിലുകളുടെ നിര്‍മാണ രീതിയില്‍നിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. സി.സി.ടി.വി ക്യാമറ, വീഡിയോ കോണ്‍ഫറന്‍സ് സിസ്റ്റം, തടവുകാര്‍ക്കായി ആധുനിക രീതിയിലുള്ള കൂടിക്കാഴ്ചാ മുറി, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള, തുടങ്ങിയവയാണ് ജയിലില്‍ ഒരുക്കിയിട്ടുള്ളത്. അന്തേവാസികളുടെ തൊഴില്‍ അഭ്യസനത്തിനും ഇവിടെ സൗകര്യമുണ്ടാകും. തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സംസ്ഥാനത്തെ ആകെ സെന്‍ട്രല്‍ ജയിലുകളുടെ എണ്ണം നാലാകും.

Leave a Reply