കോവിഡ് അവലോകന യോഗം കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ന് വീണ്ടും അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഇതിനുശേഷം കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങള്‍ തുറക്കുമോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. മതസാമുദായിക സംഘടനകളടക്കം സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.
രോഗവ്യാപന തോത് സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് ഇടയില്ല എന്നതാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് അവലോകനയോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുള്ളത്. ബുധനാഴ്ച ചേരാന്‍ തീരുമാനിച്ചിരുന്ന അവലോകന യോഗമാണ് ഇന്ന് നടത്തുന്നത്.
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പത്തിലും താഴെ ആയിരുന്നു.നേരത്തെ തന്നെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകുന്ന മുറക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. സംസ്ഥാനത്ത് 30നു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളില്‍ മാത്രമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകള്‍ അനുവദിച്ച സ്ഥലങ്ങളില്‍ ടി.പി.ആര്‍ നിരക്ക് കൂടിയിട്ടില്ല.